Sorry, you need to enable JavaScript to visit this website.

ആകാശം മുട്ടി വിപണി

ഇന്ത്യൻ മാർക്കറ്റിൽ നിന്നും കരടിക്കൂട്ടത്തെ തുരത്താൻ വിദേശ ഫണ്ടുകൾ സർവശക്തിയും പ്രയോഗിച്ചതോടെ വിപണി പുതിയ തലങ്ങളിലേക്ക് പറന്നുയർന്നു. പണപ്പെട്ടി വിപണിയുടെ നാല് ദിക്കിലേക്കും വിക്ഷേപിച്ച് ഹെവിവെയിറ്റ് ഓഹരികളിലെ നിയന്ത്രണം കൈയിൽ ഒതുക്കിയ വിദേശ ഓപറേറ്റർമാരുടെ മിന്നുന്ന പ്രകടനം സ്വപ്നത്തിലെന്ന പോലെ പ്രദേശിക നിക്ഷേപകർ വീക്ഷിച്ചു. 
വിപണി രണ്ട് ശതമാനം തിളങ്ങിയതിനൊപ്പം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്ക് ചുവടുവെച്ചു. ബക്രീദ് അവധി മൂലം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങിയിട്ടും സെൻസെക്‌സ് 1739 പോയന്റും നിഫ്റ്റി സൂചിക 523 പോയന്റും കയറി. 
അർധവാർഷിക അടിസ്ഥാനത്തിൽ ഇന്ത്യൻ ഇൻഡക്‌സുകളിൽ അതിശക്തമായ കുതിച്ചുചാട്ടമാണ് ജനുവരി, ജൂൺ കാലയളവിൽ. സെൻസെക്‌സ് 3877 പോയന്റും നിഫ്റ്റി സൂചിക 1083 പോയന്റും ആറ് മാസത്തിൽ ഉയർന്നു. ഈ കുതിപ്പ് ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ മാർക്കറ്റിൽ സംഭവിച്ചതല്ല. ഒരു വർഷകാലയളവിൽ സെൻസെക്‌സ് 22 ശതമാനവും നിഫ്റ്റി 21 ശതമാനവും വർധിച്ചു.
ചൈന ഉൾപ്പെടെ ഏഷ്യയിലെ പല രാജ്യങ്ങളുടെ സമ്പദ്ഘടനയെ മാന്ദ്യം പിടികൂടിയപ്പോഴും യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴും ഇന്ത്യൻ രൂപ മികവ് നിലനിർത്തിയത് വിദേശ ഫണ്ടുകളെ സംബന്ധിച്ച് നിക്ഷേപത്തിന് അനുകൂല ഘടകമായി വിലയിരുത്തി. 
കറൻസി ചാഞ്ചാട്ടം വരുമാനത്തെ സ്വാധീനിക്കുന്നതിനാൽ ഫണ്ടുകൾ വിപണിയെ വ്യക്തമായി വിലയിരുത്തി നിക്ഷേപം നടത്തി. അതായത് പതിനഞ്ച് വർഷം മുമ്പുളള രൂപയുടെ മൂല്യം ഏകദേശം 40 നെ ചുറ്റിപ്പറ്റി നീങ്ങിയ അവസരത്തിൽ ഡോളർ വാങ്ങിയും വിറ്റും കൈവരിച്ച വരുമാനത്തെ അപേക്ഷിച്ച് നിലവിലെ 82 രൂപയിലെ ലാഭവും അവർ കണക്കുകൂട്ടി. 
തൊട്ട് മുൻവാരം വിദേശ നാണയ കരുതൽ ശേഖരത്തിൽ 2.9 ബില്യൺ ഡോളറിന്റെ ഇടിവ്. എന്നാൽ ജൂൺ അവസാനത്തെ പുതിയ കണക്കുകൾ പുറത്തു വരുമ്പോൾ ശ്രദ്ധേയമായ കുതിപ്പിന് സാധ്യത. കരുതൽ ധനം 600 ബില്യൺ ഡോളറിനെ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ്. ജൂണിൽ വിദേശ ഫണ്ടുകൾ 47,148 കോടി രൂപ നിക്ഷേപിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപം. 
കാത്തിരിപ്പുകൾക്ക് ഒടുവിൽ നിഫ്റ്റി 18,887 ലെ പ്രതിരോധം തകർത്തു. നടപ്പ് സാമ്പത്തിക വർഷം സൂചിക 20,000 പോയന്റ് മറികടക്കുമെന്ന സൂചനയാണ് ഡെയ്‌ലി ചാർട്ട് നൽകുന്നത്. 18,665 ൽ വാരാരംഭത്തിൽ നിലകൊണ്ട നിഫ്റ്റി തുടക്കത്തിലെ ബലാരിഷ്ടതകൾക്ക് ശേഷം ഇരട്ടി വീര്യവുമായാണ് അങ്കത്തിനിറങ്ങിയത്. വാരമധ്യം സൂചിക 18,887 ലെ റെക്കാർഡ് തകർത്ത ശേഷം തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഇതിനിടയിൽ ജൂൺ സീരീസ് സെറ്റിൽമെന്റ് വേളയിലെ റോൾ ഓവർ നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. വെളളിയാഴ്ച ഒറ്റ ദിവസം വിദേശ ഓപറേറ്റർമാർ 12,350 കോടി രൂപയുടെ നിക്ഷേപത്തിന് തയാറായത് കണക്കിലെടുത്താൽ നിഫ്റ്റി പുതിയ റെക്കോർഡ് രേഖപ്പെടുത്തിയ ശേഷമേ തിരുത്തലിന് നീക്കം നടത്താൻ ഇടയുള്ളൂ. 19,201 വരെ കുതിച്ചെങ്കിലും മാർക്കറ്റ് ക്ലോസിങിൽ സൂചിക 19,189 പോയന്റിലാണ്. 
സെൻസെക്‌സ് 62,979 ൽ നിന്നും 62,860 ലേയ്ക്ക് വാരാരംഭത്തിൽ തളർന്നെങ്കിലും ഈ അവസരത്തിൽ ഉടലെടുത്ത ബുൾ തരംഗം പിന്നീട് സൂചികയെ 64,768.58 വരെ കൈപിടിച്ച് ഉയർത്തി. വാരാന്ത്യം സെൻസെക്‌സ് 64,718 പോയന്റിലാണ്. 

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 74.80 ഡോളറിലെത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ട്രോയ് ഔൺസിന് 1920 ഡോളറിൽ നിന്നും 1889 ലേയ്ക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 1919 ഡോളറിലാണ്.

Latest News