തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ആവശ്യമുന്നയിച്ച ഹൈബി ഈഡനെതിരെ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും രംഗത്തിറങ്ങിയത് സ്വാഭാവികം മാത്രം. ഹൈബിയുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. കോൺഗ്രസും ഈ ആവശ്യം തള്ളിക്കളഞ്ഞിട്ടുണ്ട്. അപ്പോഴും അതിനകത്ത് അന്തർലീനമായിരിക്കുന്ന നീതിയുടെ വിഷയമുണ്ട്. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിനും തുല്യനീതി എന്ന അടിസ്ഥാനപരമായ അവകാശം ശക്തമായി ഉയർത്താൻ ഈയവസരം ഉപയോഗിക്കാനാണ് ജനാധിപത്യവാദികൾ തയാറാകേണ്ടത്.
കേരളത്തിന്റെ തലസ്ഥാനം ഏകദേശം മധ്യഭാഗത്തുള്ള എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യം നടക്കാൻ പോകുന്നതല്ല എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതായ ഒരുപാട് വിഷയങ്ങൾ ആ ആവശ്യവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. സംസ്ഥാനത്തെ ബ്യൂറോക്രസിയുടെ അനാസ്ഥയും സ്വയം നവീകരിക്കപ്പെടാനുള്ള വിമുഖതയും മലബാറിനോടുള്ള അവഗണനയുമാണ് അവയിൽ പ്രധാനം. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഒരവസരമായി അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലിനെ കാണുകയാണ് വേണ്ടത്.
ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെയോ ഉയർന്ന പദവിയിലുള്ള സുഹൃത്തിന്റെയോ സഹായമില്ലാതെ സെക്രട്ടറിയേറ്റിൽ എന്തെങ്കിലും ആവശ്യവുമായി പോയിട്ടുള്ള ആർക്കുമുണ്ടായിട്ടുള്ളത് മോശപ്പെട്ട അനുഭവമായിരിക്കുമെന്നുറപ്പ്. എത്ര നിസ്സാരമായ വിഷയമാണെങ്കിലും ചെയ്തുകിട്ടാൻ പലവട്ടം പോകേണ്ടിവരുന്നു. സംസ്ഥാനത്തിന്റെ വടക്കെ അറ്റത്തുനിന്നുള്ളവർക്ക് അതെത്ര മാത്രം ക്ലേശകരമാണ്. ഫോൺ വിളിച്ചാൽ കാര്യമായ ഒരു വിവരവും ലഭിക്കില്ല. മുന്നിലിരിക്കുന്ന ഫയലുകളോടുള്ള നമ്മുടെ ജീവനക്കാരുടെ മനോഭാവത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ ആറു മാസത്തിലൊരിക്കലെങ്കിലും പറയാറുണ്ടല്ലോ. ഈ സാഹചര്യത്തിൽ പരസ്യമായി പറഞ്ഞില്ലെങ്കിലും തലസ്ഥാനം സംസ്ഥാനത്തിന്റെ മധ്യഭാഗത്തേക്കെങ്കിലും മാറ്റിക്കിട്ടാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് മലബാർ മേഖലയിലുള്ളവർ. ഈ സാഹചര്യത്തെ മറികടക്കാനുള്ള ഒരു മാർഗം ഭരണപരമായ എല്ലാ പ്രക്രിയകളും ഓൺലൈനാക്കുക എന്നതാണ്.
കേരള രൂപീകരണം മുതലേ ചർച്ച ചെയ്യുന്ന വിഷയമാണ് മലബാറിന്റെ പിന്നോക്കാവസ്ഥയും അതിനോടുള്ള അവഗണനയും. അതിനുള്ള പല കാരണങ്ങളിലൊന്ന് തലസ്ഥാനം അങ്ങു തെക്കെ അറ്റത്താണ് എന്നതു തന്നെയാണ്. ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചത് ഈ വിഷയത്തിൽ ചെറിയൊരു മാറ്റമുണ്ടാക്കാൻ സഹായിച്ചു എന്നത് ശരിയാണ്. എന്നാൽ ആത്യന്തികമായി ഇത്തരമൊരു പ്രശ്നം നിലനിൽക്കുന്നു എന്നംഗീകരിച്ച് അതിനെ മറികടക്കാനുള്ള ഗൗരവമായ നീക്കം ഇന്നോളം ഭരിച്ച ആരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ജനസംഖ്യയുടെയും വിസ്തൃതിയുടെയും കാര്യത്തിൽ കേരളത്തിന്റെ പകുതിയോളം വരുന്ന പ്രദേശമാണ് മലബാർ. ചരിത്രപരമായ കാരണങ്ങളാൽ ഐക്യകേരളം രൂപീകരിക്കപ്പെടുമ്പോൾ തന്നെ ഈ പ്രദേശം തിരുകൊച്ചിയേക്കാൾ വളരെ പിറകിലായിരുന്നു. എന്നാൽ ഇന്നും അത്തരമൊരവസ്ഥക്കു മാറ്റം വരുത്താൻ ജനാധിപത്യ സർക്കാരുകൾ തയാറായില്ല എന്നതാണ് പ്രശ്നം. ജനസംഖ്യയുടെയും വിസ്തൃതിയുടെയും കാര്യത്തിൽ ചെറിയ അന്തരമേ ഉള്ളൂ എങ്കിലും വികസനത്തിന്റെ ഏതു മാനദണ്ഡത്തിലും തിരുകൊച്ചിയും മലബാറും തമ്മിലുള്ള അന്തരം എത്രയോ ഭീമമാണ്. വ്യവസായ, കാർഷിക, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്കാരിക, കായിക, ഗതാഗത മേഖലകളിലെല്ലാം ഈ അന്തരം പ്രകടമാണ്. റെയിൽവേയുടെ അവഗണന വളരെ പ്രകടമാണ്. അതേക്കുറിച്ചൊന്നും ഇവിടെ വിവരിക്കുന്നില്ല. ഓരോ മേഖലയുമായും ബന്ധപ്പെട്ടും നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുമുണ്ട്. സർക്കാർ ജോലികളിലെ പ്രാതിനിധ്യത്തിലും മലബാറിന്റെ അവസ്ഥ വളരെ മോശമാണ്. തിരു കൊച്ചിയിൽ നിന്നുള്ളവരാണ് ഇവിടത്തെ കൂടുതൽ ഉദ്യോഗസ്ഥരും. മലബാറിന്റെ വികസനത്തോട് അവർക്കൊരു താൽപര്യവുമില്ല എന്ന ആരോപണം ശക്തമാണ്.
ചരിത്രപരമായ കാരണങ്ങളാൽ മലബാറിൽ അൽപം വികസനം നേടിയെന്നു പറയപ്പെടുന്ന കോഴിക്കോടിന്റെ അവസ്ഥ പോലും തിരുകൊച്ചിയിലെ മിക്കവാറും എല്ലാ ജില്ലകളേക്കാളും പിറകിലാണ്. പാലക്കാട്ട് കാർഷിക മേഖല തകർച്ചയിലാണ്. കുടിവെള്ളത്തിന്റെ അവസ്ഥ മഹാമോശം. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ വലിയ തോതിൽ ശിശുമരണം പോലും നടക്കുന്നു. തമിഴ്നാട് അതിർത്തിയോട് ചേർന്ന മേഖലകളും വളരെയധികം അവികസിതാവസ്ഥയിലാണ്. അയിത്തം പോലും നിലവിലുള്ള പ്രദേശങ്ങൾ അവിടെയുണ്ട്. മികച്ച ചികിത്സക്ക് തൃശൂരോ കോയമ്പത്തൂരോ പോകണം. മറുവശത്ത് ഒരുവിധ തീവ്രവാദ പ്രവർത്തനത്തിനും തെളിവില്ലാതിരുന്നിട്ടും മലപ്പുറത്തുകാരെ തീവ്രവാദികളായി ആക്ഷേപിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അധികൃതരുടെ അവഗണന മൂലം കരിപ്പൂർ വിമാനത്താവളം തകർച്ചയുടെ വക്കിലാണ്.
വയനാടാകട്ടെ, സംസ്ഥാനത്തു തന്നെ ഏറ്റവും പിറകിൽ നിൽക്കുന്ന അവസ്ഥയാണ്. ഇവിടത്തെ ആദിവാസികളുടെയും കർഷകരുടെയും ജീവിതം ഇപ്പോഴും നരകതുല്യമാണ്. എത്രയോ കർഷകർ ഇതിനകം ആത്മഹത്യ ചെയ്തു. മികച്ച ചികിത്സക്ക് കോഴിക്കോട്ട് വരേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
എന്തായാലും ഏറ്റവും പ്രസക്തമായ ഈ വിഷയത്തെ കേരളം ഇനിയെങ്കിലും അഭിമുഖീകരിച്ചേ പറ്റൂ. ഹൈബി ഈഡന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഗൗരവമായി ചർച്ച ചെയ്യണം. ഒപ്പം കൃത്യമായ നടപടികളും ആരംഭിക്കണം. തലസ്ഥാനം മധ്യകേരളത്തിലേക്ക് മാറ്റാൻ പോകുന്നില്ലെങ്കിലും ചെയ്യാവുന്ന മറ്റു ചിലതുണ്ട്. സെക്രട്ടറിയേറ്റ് അനക്സ്, പ്രധാന സർക്കാർ ഓഫീസുകൾ, ഹൈക്കോടതി ബെഞ്ച്, മന്ത്രിമാരുടെ ഓഫീസുകൾ തുടങ്ങി പ്രധാനപ്പെട്ട ഭരണകൂട സ്ഥാപനങ്ങളെല്ലാം മലബാറിൽ സ്ഥാപിക്കുക എന്നതാണതിൽ പ്രധാനം. ഹൈദരാബാദ്, തെലങ്കാനയിൽ പോയതിനെ തുടർന്ന് ആന്ധ്രപ്രദേശ് മൂന്നു തലസ്ഥാനമാണ് രൂപീകരിക്കാൻ പോകുന്നതെന്ന വാർത്തയുണ്ടായിരുന്നല്ലോ. അത്ര പോയില്ലെങ്കിലും പ്രധാന ഭരണകൂട സ്ഥാപനങ്ങളുടെ ശാഖകൾ മലബാറിലും കൊച്ചിയിലും വേണം.
മലബാറിൽ തന്നെ ഏറ്റവും വലിപ്പവും ജനസംഖ്യയുമുള്ള മലപ്പുറത്തെ രണ്ടു ജില്ലയാക്കണമെന്ന ആവശ്യവും ശക്തമാണ്. ജനസംഖ്യയിലും വലിപ്പത്തിലും പല ജില്ലകളുടെയും ഇരട്ടിയുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ച് പല സംഘടനകളും പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടത്തിയിട്ടുണ്ട്. സഹ്യപർവതം മുതൽ അറബിക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മലപ്പുറത്തിന്റെ വ്യാപ്തി കേരള ഭൂപടത്തിൽ പ്രകടമാണല്ലോ. പല പദ്ധതികളും ജില്ലകൾക്ക് തുല്യമായി വിഭജിക്കുമ്പോൾ മലപ്പുറത്തിനു ഫലത്തിൽ ലഭിക്കുന്നത് തുഛമാണെന്ന വസ്തുതയാണ് ഈയാവശ്യത്തിന്റെ പ്രധാന കാരണം. വിദ്യാഭ്യാസ മേഖലയിൽ അത് വളരെ പ്രകടമാണ്. പല തെക്കൻ ജില്ലകളിലും പ്ലസ് ടുവിന് സീറ്റുകൾ ഒരുപാടധികമുള്ളപ്പോൾ മലപ്പുറത്ത് വളരെ കുറവാണെന്ന കാര്യം എല്ലാ വർഷവും ഉയർന്നുവരുന്നതാണല്ലോ. കോവിഡിനെതിരായ വാക്സിൻ വിതരണ രംഗത്തും ഈ അന്തരം വ്യക്തമായി കണ്ടിരുന്നു. തീർച്ചയായും മലപ്പുറത്തിന്റെ വിഭജനമെന്നത് പരിഗണിക്കേണ്ട വിഷയമാണ്.
തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ആവശ്യമുന്നയിച്ച ഹൈബി ഈഡനെതിരെ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും രംഗത്തിറങ്ങിയത് സ്വാഭാവികം മാത്രം. ഹൈബിയുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. കോൺഗ്രസും ഈ ആവശ്യം തള്ളിക്കളഞ്ഞിട്ടുണ്ട്. അപ്പോഴും അതിനകത്ത് അന്തർലീനമായിരിക്കുന്ന നീതിയുടെ വിഷയമുണ്ട്. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിനും തുല്യനീതി എന്ന അടിസ്ഥാനപരമായ അവകാശം ശക്തമായി ഉയർത്താൻ ഈയവസരം ഉപയോഗിക്കാനാണ് ജനാധിപത്യവാദികൾ തയാറാകേണ്ടത്. അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്.






