ബിക്കാനിര്‍, രാജസ്ഥാന്‍- 17 വയസുള്ള പെണ്‍കുട്ടി 21കാരിയായ അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ബിക്കാനിറിലാണ് സംഭവം. ശ്രീദുന്‍ഗര്‍ഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസം മുമ്പാണ് സംഭവം. പിന്നാലെ പ്രദേശത്ത് ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നു. 21 കാരിയായ അധ്യാപിക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടതാണ്. സംഭവം ലൗജിഹാദാണെന്നാണ് 17കാരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്ലസ് ടുവിലാണ് 17കാരി പഠിക്കുന്നത്. ജൂണ്‍ 30 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതാണെന്നും അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ജൂണ്‍ 30ന് സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരം ആയിട്ടും തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈകുന്നേരമായിട്ടും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. അധ്യാപിക പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പെണ്‍കുട്ടിയും അധ്യാപികയും തമ്മില്‍ ഏറെ നാളായി പ്രണയ ബന്ധത്തിലായിരുന്നുവെന്നും ഇരുവരും ഒളിച്ചോടിയതാണെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. 'അധ്യാപികയ്ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 17 വയസും അഞ്ച് മാസവുമാണ് പെണ്‍കുട്ടിയുടെ പ്രായം. അധ്യാപികയോടൊപ്പം പോയത് സമ്മതത്തോടെയാണെങ്കിലും നിയമപരമായി അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തത്'- ബിക്കാനീര്‍ എസ് പി തേജസ്വിനി ഗൗതം പറഞ്ഞു.