Sorry, you need to enable JavaScript to visit this website.

മനുഷ്യർ സ്രാവുകളേക്കാള്‍ നൂറിരട്ടി മാരകമെന്ന് ശാസ്ത്രജ്ഞര്‍; എന്തുകൊണ്ടായിരിക്കും

ലണ്ടന്‍- വലിയ വെള്ള സ്രാവിനേക്കാള്‍ നൂറുകണക്കിന് മടങ്ങ് മാരകമാണ് മനുഷ്യരെന്ന പ്രസ്താവനയുമായി ശാസ്ത്രജ്ഞര്‍.  യുകെയിലെ ശാസ്ത്രജ്ഞരാണ് അമ്പരപ്പിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.  എല്ലാ വന്യമൃഗങ്ങളിലും പകുതിയോളം വംശനാശഭീഷണി നേരിടുന്നത് മനുഷ്യര്‍ കാരണമാണെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നത്. മനുഷ്യര്‍ ഇവയുടെ മൂന്നിലൊന്ന് ഭക്ഷണത്തിനോ ഔഷധത്തിനോ വളര്‍ത്തുമൃഗങ്ങളാക്കാനോ ഉപയോഗിക്കുന്നു. മനുഷ്യരാണ് എല്ലായ്‌പ്പോഴും ഭക്ഷ്യ ശൃംഖലയില്‍ ആധിപത്യം പുലര്‍ത്തുന്നതെങ്കിലും  ഗവേഷകര്‍ അതിന്റെ ആധിപത്യം കണക്കാക്കുന്നത് ഇതാദ്യമാണ്. അതായത് മനുഷ്യര്‍ ഏല്‍പിക്കുന്ന ആഘാതം മുന്‍നിര വേട്ടക്കാരേക്കാള്‍ 300 മടങ്ങ് കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഗവേഷണത്തില്‍  കണ്ടെത്തിയതിന്റെ വലിപ്പവും അളവും ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു. മൃഗങ്ങളുടെ ഉപയോഗത്തില്‍ മനുഷ്യര്‍ക്ക് ആശ്വാസം പകരുന്ന വൈവിധ്യമുണ്ട്. എന്നാല്‍ ലോകമെമ്പാടുമുള്ള സുസ്ഥിര മനുഷ്യ-പ്രകൃതി ബന്ധങ്ങളിലേക്ക് നാം നീങ്ങേണ്ടതുണ്ട്- യുകെ സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് ഹൈഡ്രോളജിയിലെ ഡോ. റോബ് കുക്ക് ബിബിസിയോട് പറഞ്ഞു.
വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ കൈക്കലാക്കുന്ന ഏതാണ്ട് 50,000 ത്തോളം വ്യത്യസ്ത കാട്ടു സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കി ആയിരുന്നു ഗവേഷണം. കശേരുക്കളില്‍ മൂന്നിലൊന്ന്  14,663  മനുഷ്യര്‍ ഉപയോഗിക്കുന്നതോ വ്യാപാരം ചെയ്യുന്നതോ ആണെന്നും ഇവയില്‍ 39 ശതമാനവും വംശനാശത്തിലേക്ക് നീങ്ങുന്നുവെന്നും കണ്ടെത്തി.
കമ്മ്യൂണിക്കേഷന്‍സ് ബയോളജി ജേണലിലാണ് ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലാവസ്ഥയിലും പരിസ്ഥിതിയിലും മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന കാലഘട്ടമായ ആന്ത്രോപോസീന്‍ ആരംഭിക്കാന്‍ പോകുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.
വന്യമൃഗങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News