തൃശൂർ - ഏകസിവിൽ കോഡ് നടപ്പാക്കുന്നത് എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം.പി. രാജ്യത്തിന്റെ സ്വസ്ഥത തകർക്കാനും സംഘർഷമുണ്ടാക്കാനുമാണ് ബി.ജെ.പി ഏകസിവിൽ കോഡിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ല. ഒരു സുപ്രഭാതത്തിൽ മാറ്റാനാകുന്നതാണോ തലസ്ഥാനം? കൈതോലപ്പായ വിവാദം എരിഞ്ഞു തീരില്ലെന്നും ആളിക്കത്തുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
കൈതോലപ്പായ മടക്കാൻ എം.വി ഗോവിന്ദൻ ശ്രമിച്ചാൽ നടക്കില്ല. സി.പി.എമ്മിന്റെ അകത്തുള്ള രഹസ്യങ്ങൾ അറിയുന്ന ആളാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററായ ശക്തിധരൻ. അതിനാൽ ഗോവിന്ദൻ നട്ടെല്ലുള്ള മറുപടി നൽകണം. കൈതോലപ്പായ കത്തിപ്പടരുമ്പോൾ ചാമ്പലാവുന്നത് കോൺഗ്രസ്സാവില്ലെന്നും ഞങ്ങളുടേത് സംഘടനാ ജനാധിപത്യമുള്ള പാർട്ടിയാണെന്നും ഒരു പ്രശ്‌നവും പാർട്ടിയിലും മുന്നണിയിലും ഉണ്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.