ഏക സിവില്‍ കോഡിനോട് കടുത്ത എതിര്‍പ്പ്, എന്നാലും ബി ജെ പി മുന്നണിക്കൊപ്പം തുടരുമെന്ന് സി കെ ജാനു

കല്‍പ്പറ്റ - ആദിവാസി ജീവിതത്തെ ബാധിക്കുന്ന ഏക സിവില്‍ കോഡിനെ ശ്കതമായി എതിര്‍ക്കുെമന്നും അതേ സമയം രാഷ്ട്രീയമായി ബി ജെ പി സഖ്യത്തിനൊപ്പം തന്നെ തുടരുമെന്നും ആദിവാസി നേതാവ് സി.കെ ജാനു. ഏക സിവില്‍ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും. ഗോത്ര സ്വത്വത്തെ തകര്‍ക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവില്‍ നിയമങ്ങള്‍ക്ക് അപ്പുറത്താണെന്നും സി.കെ ജാനു പറഞ്ഞു. 
'ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികള്‍. നൂറ്റാണ്ടുകളായി ഇത് തുടര്‍ന്ന് വരികയാണ്. ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉള്‍ക്കൊള്ളാന്‍ ആദിവാസികള്‍ക്ക് കഴിയില്ല' സി.കെ ജാനു പറഞ്ഞു. അതേ സമയം തന്റെ തീരുമാനം ബി ജെ പി മുന്നണിക്കൊപ്പം  തുടരാനാണെന്നും അത് രാഷ്ട്രീയമാണെന്നും രാഷ്ട്രീയവും സമുദായവും രണ്ടാണെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ സി പി എമ്മിനൊപ്പം ചേര്‍ന്നുള്ള പ്രതിഷേധത്തിനില്ലെന്നും സി പി എമ്മിന് ഇരട്ടത്താപ്പാണെന്നും സി.കെ ജാനു ആരോപിച്ചു. പാര്‍ട്ടിയില്‍ ആളെ കൂട്ടാനുള്ള രാഷ്ടീയമാണ് സി പി എം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ അവരുടെ പ്രതിഷേധങ്ങളില്‍ വിശ്വാസമില്ലെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവില്‍ കോഡിനെതിരായുള്ള എതിര്‍പ്പ് എന്‍ ഡി എ വേദികളില്‍ അവസരം കിട്ടിയാല്‍ ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

 

Latest News