നൃത്തം ചെയ്യുന്ന അമ്മായിയമ്മ പുകവലിക്കുന്നു,  വിവാഹം വേണ്ടെന്നുവെച്ച് മണവാളന്‍ 

ലഖ്‌നൗ-ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏറെ ആഘോഷകരമായും സന്തോഷകരമായും ആണ് വിവാഹ ചടങ്ങുകള്‍ നടത്താറ്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ തന്നെ വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയില്‍ ഒരു വിവാഹം മുടങ്ങിപ്പോയതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ആണ് സംഭവം. വിവാഹാഘോഷങ്ങള്‍ക്കിടയില്‍ അമ്മായിയമ്മ പുകവലിക്കുകയും ഡിജെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നത് കണ്ട വരനാണ് വിവാഹം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.
ജൂണ്‍ 27 -നായിരുന്നു സരയാട്രിനില്‍ നിന്നുള്ള യുവാവും രാജ്പുരയില്‍ നിന്നുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനു മുന്നോടിയായി ഉള്ള എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. എന്നാല്‍, വിവാഹ ദിവസത്തിലെ ആഘോഷങ്ങള്‍ക്കിടയില്‍ വധുവിന്റെ അമ്മ പുകവലിക്കുകയും ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു. ഇത് വരനെ വല്ലാതെ ചൊടിപ്പിച്ചു. ആഘോഷമായി വരനെ അതിഥികള്‍ക്കൊപ്പം മണ്ഡപത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് വധുവിന്റെ അമ്മ സിഗരറ്റ് വലിച്ചു കൊണ്ട് ഡിജെ ഗാനത്തിനൊപ്പം നൃത്തം വെച്ചത്. ഇതില്‍ അസംതൃപ്തനായ വരന്‍ ഉടന്‍തന്നെ വിവാഹ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ തന്നെ താന്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വിവാഹം നിര്‍ത്തി വെച്ച് വരനും കൂട്ടരും മടങ്ങുകയും ചെയ്തു. ഒടുവില്‍ ഇരു വീട്ടുകാരും ചേര്‍ന്ന് പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്തി. ശേഷം ഇരുവിഭാഗവും വിവാഹവുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു.

Latest News