ഏക സിവില്‍ കോഡ് കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ- ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ കക്ഷികളുടെ ഐക്യപ്പെടലില്‍ അങ്കലാപ്പിലായ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  ജനങ്ങളെ ജാതി മത വര്‍ഗ്ഗീയത പരത്തി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഏക സിവില്‍ കോഡ് വിഷയം ചര്‍ച്ചയാക്കിയിട്ടുള്ളതെന്ന് അദ്ദേഹം ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത് വിജയിക്കാന്‍ പോകുന്നില്ല. ശക്തമായി തന്നെ നേരിടും. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയോ മാസങ്ങളായി തനിക്കെതിരെ ഉയര്‍ന്ന ഒരു ആരോപണത്തിനും മറുപടി പറയുന്നില്ല. എ.ഐ ക്യാമറ ഇടപാടിനെ പറ്റി ഉയര്‍ന്ന അഴിമതിയെ കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടുന്നില്ല. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ പുറത്തുവിട്ട വെളിപ്പെടുത്തലിലും അദ്ദേഹം മൗനത്തിലാണ്. ജനാധിപത്യ സംവിധാനത്തില്‍ ഭരാണാധികാരികള്‍ക്കെതിരെ ആക്ഷേപങ്ങളോ അഴിമതികളോ ഉയര്‍ന്നാല്‍ മറുപടി പറയുന്നതാണ് മര്യാദ. ഇവിടെ അതുണ്ടാകുന്നില്ല. തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതില്ല.സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നാവടപ്പിക്കുന്നതിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയെടുക്കുന്ന കേസുകള്‍. കെ പി സി സി പ്രസിഡന്റിനെതിരെ പോലീസ് അന്വേഷണം, പ്രതിപക്ഷ നേതാവിനെതിരെ ഇ.ഡി. അന്വേഷണം ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Latest News