ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ വ്യജ ലഹരിക്കേസില്‍ പ്രതിയാക്കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശൂര്‍-വ്യാജ ലഹരിക്കേസില്‍ പ്രതിയാക്കി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെയാണ് എക്‌സൈസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നെന്നും ഗൂഡാലോചനക്കാരുടെ  ഒരു ഉപകരണമായി ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചെന്നും എക്‌സൈസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.   ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന  നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തത് സതീശന്‍ ആണ്. സതീശന് വന്ന ഒരു ഫോണ്‍ കോളിലാണ് ഷീല സണ്ണിയുടെ ഹാന്‍ഡ്ബാഗില്‍ എല്‍എസ്ഡി സ്റ്റാംപ് ഉണ്ടെന്ന് അറിഞ്ഞത്. ഈ വിവരം ലഭിച്ചതിന് പിന്നാലെ കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് സതീശന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.  72 ദിവസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞദിവസമാണ് ഇവര്‍ പുറത്തിറങ്ങിയത്. ബാഗില്‍ വ്യാജ എല്‍എസ്ഡി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്ന് അന്വേഷണസംഘം പറഞ്ഞു. സംശയിക്കുന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബംഗളൂരുവില്‍ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്.  

 

Latest News