ഹിന്ദുയുവാവിനെ മുസ്ലിമാക്കിയെന്ന് കേസ്; മൂന്നുപേരെ എ.ടി.എസ് അറസ്റ്റ് ചെയ്തു

ലഖ്‌നൗ- ഹിന്ദുവിനെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി എന്നരോപിച്ച് ഉത്തര്‍പ്രദേശില്‍ മൂന്ന് പേരെ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശികളായ നസിം ഹസന്‍, മുഹമ്മദ് സാദിഖ്, അസ്ഹര്‍ മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തീവ്രവാദ വിരുദ്ധ സേന (എടിഎസ്)  പ്രസ്താവനയില്‍ പറഞ്ഞു. സഹാറന്‍പുര്‍ ജില്ലക്കാരനായ ഗൗരവ് സിംഗിനെയാണ് മതംമാറ്റിയത്.
കേസില്‍ രേഷ്മ എന്ന സ്ത്രീയെ കണ്ടെത്താനുണ്ടെന്നും ഇപ്പോഴും ഒളിവിലാണെന്നും എടിഎസ് പറഞ്ഞു.
ബംഗളൂരുവില്‍ താമസിക്കുന്ന രേഷ്മയാണ് സിങ്ങിനെ മതം മാറ്റാന്‍ പ്രലോഭിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലാണ് യുവതി സിംഗുമായി ബന്ധപ്പെട്ടതെന്നും  എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുടര്‍ന്ന് അറസ്റ്റിലായ മൂവരും സിങ്ങുമായി ബന്ധപ്പെടുകയും വിവാഹവും ജോലിയും വാഗ്ദാനം ചെയ്ത് മതം മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നമസ്‌കാരവും ഇസ്‌ലാമിന്റെ മറ്റ് വശങ്ങളും പ്രതികള്‍ യുവാവിനെ പഠിപ്പിച്ചു- എടിഎസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ  സഹാറന്‍പൂരിലെ സദര്‍ ബസാര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News