സ്വകാര്യ ബില്ലുകള്‍ പാര്‍ട്ടി അറിയണം; ഹൈബിക്ക് നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്

ന്യൂദല്‍ഹി- കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി നല്‍കിയ സ്വകാര്യ ബില്‍ പിന്‍വലിക്കണമെന്നു നിര്‍ദേശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ആവശ്യം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.  എം.പിമാര്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ചു വേണമെന്നു ശക്തമായ നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടിയിലാണ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.  കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് ഹൈബി ഈഡന്‍ എം.പി സ്വകാര്യ ബില്ലില്‍ ഉന്നയിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി.
 ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. വളരെ വിചിത്രമായ നിര്‍ദേശമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇങ്ങനയൊരു രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസിനുള്ളതു കൊണ്ടാണോ പാര്‍ട്ടി എം.പി ഇങ്ങനെ ഒരു സ്വകാര്യ ബില്‍ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.  

 

Latest News