സ്‌പോൺസറായി; മജിസിയ ബാനുവിന് ആത്മവിശ്വാസത്തോടെ തുർക്കിയിലേക്ക് പോകാം

മജിസിയക്ക് ജി.ഐ.ഒയുടെ സഹായം സംസ്ഥാന പ്രസിഡന്റ് അഫീദ അഹമദ് കൈമാറുന്നു

കോഴിക്കോട്- ഹിജാബ് ധരിച്ച് പവർ ലിഫ്റ്റിംഗിലും ആം റസ്‌ലിംഗ് വേദിയിലുമെല്ലാം പ്രത്യക്ഷപ്പെട്ടിരുന്ന മജിസിയ ബാനുവിന് ഇനി ആത്മവിശ്വാസത്തോടെ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാം. യു.എ.ഇ കേന്ദ്രീകരിച്ചുള്ള  കെ.പി.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ്  മജിസിയയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തതോടെയാണിത്.  ഒക്‌ടോബറിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മജിസിയയുടെ എല്ലാ ചെലവും വഹിക്കുമെന്ന് കമ്പനി എം.ഡി  കെ.പി.കെ റയീസ്  ഉറപ്പു തന്നതായി  മജിസിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി  ഒരു ലക്ഷം രൂപയുടെ ചെക്ക് താരത്തിന് കൈമാറി.
 മറ്റൊരു കമ്പനിയും സമാനമായ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പവർ ലിഫ്റ്റിംഗിലെ നേട്ടങ്ങൾക്കു പിറകെയാണ് പഞ്ചഗുസ്തിയും തനിക്ക് വഴങ്ങുമെന്ന് മജിസിയ തെളിയിച്ചത്. ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിൽ നിന്നുള്ള 20 പേരെ തോൽപിച്ചാണ് ലഖ്‌നൗവിൽ നടന്ന ദേശീയ മത്സരത്തിൽ വിജയിയായത്. എന്നാൽ ലോക ചാമ്പ്യൻഷിപ്പിനു പോകാൻ സർക്കാരിൽ നിന്നു വരെ സഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് മജിസിയ സഹായ അഭ്യർത്ഥനയുമായി വാർത്താ മാധ്യമങ്ങളുടെ മുൻപാകെ എത്തിയത്.  പത്രമാധ്യമങ്ങളിലെ വാർത്ത കണ്ട് ഒട്ടേറെ പേരാണ് സഹായിക്കുവാനായി എത്തിയത്. 
എം.ഇ.എസ്, ഫോർഎവർ ഗ്രൂപ്പ് തുടങ്ങി സോഷ്യൽ മീഡിയ വഴിയും നിരവധി പേർ സഹായ സന്നദ്ധത നൽകിയെന്നും മജിസിയ അറിയിച്ചു. 
ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഒന്നര രക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് അഫീദ അഹമദ് മജിസിയക്ക് കൈമാറി. 
അഞ്ചു ലക്ഷം വരെയാണ് മത്സരത്തിനു ചെലവ്.  സ്‌പോൺസർമാരെ ലഭിച്ചതോടെ  ആത്മവിശ്വാസം വർധിച്ചുവെന്നും  മെഡലുമായി തിരിച്ചുവരുമെന്നും മജിസിയ ബാനു കോഴിക്കോട്ട് വെച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഹിജാബ് ധരിച്ച ബോഡി ബിൽഡർ എന്ന പേരിൽ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലൂടെ ശ്രദ്ധ നേടിയ  മജിസിയ ബാനു മൂന്നു തവണ സംസ്ഥാനത്തെ സ്‌ട്രോംഗ് വുമനായും അഞ്ചു തവണ കോഴിക്കോട് ജില്ലയിലെ സ്‌ട്രോംഗ് വുമനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യൻ  പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്, ദേശീയ അൺ എക്യുപ്ഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിംഗ് എന്നിവയിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. 

 

Latest News