Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംസ്ഥാന ഹജ് കമ്മിറ്റിയിൽ  വനിതാ പ്രതിനിധി വന്നേക്കും

കാസർകോട്- സംസ്ഥാന ഹജ് കമ്മിറ്റിയിൽ ചരിത്രത്തിലാദ്യമായി ഇത്തവണ വനിതാ പ്രതിനിധി വന്നേക്കുമെന്ന് സൂചന. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ. സുലൈഖ സംസ്ഥാന ഹജ് കമ്മിറ്റിയിൽ ഇടം നേടി ചരിത്രം കുറിക്കുമെന്നാണ് വിവരം. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി ഓഗസ്റ്റ് 11 ന് അവസാനിക്കും. ഓഗസ്റ്റ് 12 ന് തന്നെ പുതിയ കമ്മിറ്റി നിലവിൽ വരും. 
ഇത്തവണത്തെ ഹജ് യാത്ര ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ പുതിയ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്തിന് വേണ്ടിയും അംഗത്വത്തിന് വേണ്ടിയും സമുദായ സംഘടനകൾ ചരടുവലികൾ ശക്തമാക്കി. പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിന് വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിൽ ഇടതു സർക്കാരും ഇടതു മുന്നണിയും കൂടിയോലോചനകൾ തുടരുന്നുണ്ട്. ഒരു വനിതയെ ഹജ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി വിപ്ലവകരമായ ചരിത്രം കുറിക്കാനാണ് മന്ത്രി കെ.ടി ജലീലിന്റെ നീക്കം. ഹജ് ഓഫീസർമാരായും വളണ്ടിയറായും ഇത്തവണ വനിതകളെ തെരഞ്ഞെടുത്തിട്ടുണ്ട്. 
ഹജ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കാന്തപുരം ഉൾപ്പെടെയുള്ള സുന്നി വിഭാഗങ്ങൾ അംഗീകരിക്കുമോയെന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. അതേസമയം രാജ്യസഭാ മുൻ ഉപാധ്യക്ഷയും കേന്ദ്ര മന്ത്രിയുമായിരുന്ന നജ്മ ഹെപ്ത്തുള്ള കേന്ദ്ര ഹജ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്നപ്പോൾ കേരളത്തിലെ സുന്നി പണ്ഡിതർ അവർക്ക് കീഴിൽ അംഗമായി പ്രവർത്തിച്ച കാര്യം സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 
പുതിയ ഹജ് കമ്മിറ്റി ചെയർമാനായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഏക പുത്രൻ അബ്ദുൾ ഹക്കീം അസ്ഹരിയും കാന്തപുരത്തിന്റെ മരുമകൻ സി. മുഹമ്മദ് ഫൈസിയുമാണ് പരിഗണനയിലുള്ളത്. സമസ്ത ഔദ്യോഗിക പക്ഷത്തുനിന്ന് ഡോ. ബഹാവുദ്ദീൻ നദ്‌വി, നിലവിൽ ഹജ് കമ്മിറ്റിയംഗമായ ചങ്ങനാശ്ശേരിയിലെ സാമൂഹിക പ്രവർത്തകൻ എച്ച്. മുസമ്മിൽ എന്നിവരും പരിഗണനയിലുണ്ട്. 
ചെയർമാൻ സ്ഥാനം കാന്തപുരം വിഭാഗത്തിന് ലഭിച്ചാൽ ഐ.എൻ.എല്ലിന് ലഭിക്കുന്ന അംഗത്വത്തിനാണ് കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ. സുലൈഖ പരിഗണിക്കപ്പെടുന്നത്. ഹജ് കമ്മിറ്റിയിൽ പരിഗണിക്കപ്പെടുന്നത് കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയും അംഗീകാരവുമാണെന്ന് എൽ. സുലൈഖ പറഞ്ഞു. 
നിലവിലുള്ള ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ചെയർമാനായും അംഗമായും തുടർച്ചയായി മൂന്നു ടേം പൂർത്തിയാക്കിയതിനാൽ ഇനി തുടരാൻ നിയമ തടസ്സമുള്ളതിനാൽ പകരം കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അംഗമാകും.

Latest News