Sorry, you need to enable JavaScript to visit this website.

പ്രവാചകനെ നിന്ദിച്ച എം.എല്‍.എയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബി.ജെ.പിയില്‍ സമ്മര്‍ദം

ഹൈദരാബാദ്-ഗോഷാമഹല്‍ എംഎല്‍എ ടി രാജ സിങ്ങിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ശ്രമം ഊര്‍ജിതമാക്കി. പത്ത് മാസമായി എംഎല്‍എ പാര്‍ട്ടിയുടെ സസ്‌പെന്‍ഷനിലാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് എംഎല്‍എയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്.
രാജാ സിംഗിനെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് പാര്‍ട്ടി ഹൈക്കമാന്‍ഡിന് രണ്ട് തവണ കത്തയച്ചിരുന്നു. എന്നാല്‍ അനുകൂലമായ മറുപടിയുണ്ടായില്ല. അഭ്യര്‍ത്ഥന സജീവ പരിഗണനയിലാണെന്നാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് നല്‍കിയ മറുപടിയെന്ന് സംസ്ഥാന ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
രാജാ സിങ്ങിന്റെ സസ്‌പെന്‍ഷനിനെക്കുറിച്ച് രണ്ട് ദിവസം മുമ്പ് ബിജെപി നേതാവ് വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വൈകുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ടെന്നായിരുന്നു ട്വീറ്റ്. ബണ്ടി സഞ്ജയ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതു സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- അവര്‍ തെലുഗില്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തകരെ കുടുംബത്തിലെ അംഗങ്ങളായാണ് പരിഗണിക്കുന്നതെന്നും അവര്‍ പറഞ്ഞു. കാലതാമസം തോന്നിയാലും അന്തിമ തീരുമാനം എല്ലാവര്‍ക്കും ഗുണകരമാകുമെന്നും വിജയശാന്തി പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോഷാമഹലിലും മറ്റ് ചില മണ്ഡലങ്ങളിലും ബിജെപി സാധ്യതകളെ ബാധിക്കുമെന്നതിനാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന ഘടകം ശക്തമാക്കുന്നത്. സംസ്ഥാന നേതാക്കള്‍ക്കുമേല്‍  പ്രാദേശിക ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദമുണ്ട്.  നേതാക്കള്‍ ദല്‍ഹി സന്ദര്‍ശിച്ച് ടി രാജ സിങ്ങിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ഉന്നയിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തില്‍നിന്ന് ഉടന്‍ തീരുമാനമുണ്ടാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

 

Latest News