Sorry, you need to enable JavaScript to visit this website.

ഖുര്‍ആന്‍ കത്തിക്കല്‍: നയതന്ത്ര മിഷനുകളില്‍ അക്രമം അരുതെന്ന് യൂറോപ്യന്‍ യൂനിയന്‍

റിയാദ്- സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ഖുര്‍ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് ബഗ്ദാദിലെ സ്വീഡിഷ് എംബസിക്ക് മുന്നില്‍ നടന്ന അനിഷ്ട സംഭവങ്ങളെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു. സ്ഥിതിഗതികള്‍ വഷളാക്കുന്നത് തടയണമെന്ന് യൂറോപ്യന്‍ യൂണിയന്റെ എക്‌സ്റ്റേണല്‍ റിലേഷന്‍സ് സര്‍വീസ് പുറത്തിറക്കിയ പ്രസ്താവനയില്‍  പറയുന്നു.
'സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീഡിഷ് വിദേശകാര്യ മന്ത്രിക്കൊപ്പം ചേരുന്നു. ഈ പ്രവൃത്തി ഒരു തരത്തിലും യൂറോപ്യന്‍ യൂണിയന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ല. ഇപ്പോള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും പരസ്പര ധാരണയെ ബഹുമാനിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
ബഗ്ദാദിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ സ്വീഡിഷ് എംബസിക്ക് മുന്നില്‍ ആയിരക്കണക്കിന് ഇറാഖികള്‍ തടിച്ചുകൂടി സ്റ്റോക്ക്ഹോമില്‍ ഖുര്‍ആന്‍ കോപ്പി കത്തിച്ചതിനെതിരെ പ്രതിഷേധിച്ചിരുന്നു. ശാന്തത പാലിക്കണമെന്നും നയതന്ത്ര ദൗത്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്റ്റോക്ക്ഹോം സെന്‍ട്രല്‍ മസ്ജിദിനു സമീപം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്വീഡിഷ് പതാക വീശി സല്‍വാന്‍ മോമിക എന്ന തീവ്രവാദി മുസ്ഹഫ് കോപ്പി പിച്ചിച്ചീന്തി തീക്കത്തിച്ച് വിശുദ്ധ ഗ്രന്ഥത്തെ ആവര്‍ത്തിച്ച് അവഹേളിച്ചത്. സ്വീഡനില്‍ ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഇറാഖി അഭയാര്‍ഥിയാണ് സല്‍വാന്‍ മോമിക. മുസ്ഹഫിനു മുകളില്‍ ഉപ്പിട്ട് ഉണക്കിയ ഒരു തുണ്ട് പന്നിയിറച്ചി വെച്ച് കാല്‍പാദം ഉപയോഗിച്ച് ഖുര്‍ആനില്‍ മോമിക ചവിട്ടുകയും ചെയ്തു. ബലിപെരുന്നാള്‍ ആഘോഷിക്കുന്ന മുസ്ലിം സമൂഹത്തെ ഞെട്ടിക്കാനും പകയുണ്ടാക്കാനും ഉദ്ദേശിച്ചുള്ള ഒരു രംഗമായിരുന്നു അത്. എന്നാല്‍ മസ്ജിദിനു പുറത്ത് തടിച്ചുകൂടിയ 200 ഓളം വരുന്ന ആളുകള്‍ ഇത് അവഗണിക്കുകയായിരുന്നു.

വിശുദ്ധ മുസ്ഹഫ് കോപ്പി കത്തിച്ചതിനെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് മുസ്ലിം ലോകം രംഗത്തുവന്നിരുന്നു. വിദ്വേഷപരവും ആവര്‍ത്തിക്കപ്പെടുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയില്ലെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവിച്ചു. ഇത്തരം പ്രവൃത്തികള്‍ വെറുപ്പും വംശീയതയും പ്രോത്സാഹിപ്പിക്കുകയും, സഹിഷ്ണുതയും മിതവാദവും പ്രചരിപ്പിക്കാനും തീവ്രവാദം നിരാകരിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ആവശ്യമായ പരസ്പര ബഹുമാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

സ്റ്റോക്ക്ഹോമില്‍ തീവ്രവാദികള്‍ മുസ്ഹഫ് കോപ്പി അഗ്‌നിക്കിരയാക്കിയതിനെ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും ശക്തമായ ഭാഷയില്‍ അപലപിച്ചു. വിദ്വേഷവും വെറുപ്പും തീവ്രവാദവും സൂചിപ്പിക്കുന്ന ഇത്തരം പ്രവൃത്തികള്‍ തടയാന്‍ സ്വീഡിഷ് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഹീനവും സഹിഷ്ണതയുടെ തത്വങ്ങള്‍ക്ക് വിരുദ്ധവുമായ ഇത്തരം ചെയ്തികളുടെ ഫലമായ എല്ലാ പ്രതികരണങ്ങളുടെയും ഉത്തരവാദിത്തം സ്വീഡിഷ് അധികൃതര്‍ക്കാകും. നിരുത്തരവാദപരമായ ഇത്തരം പ്രവൃത്തികള്‍ ലോക മുസ്ലിംകളുടെ വികാരങ്ങള്‍ക്ക് തിരികൊളുത്തുന്നതിലേക്ക് നയിക്കും. നിയമപരവും ധാര്‍മികവുമായ മാര്‍ഗങ്ങളിലൂടെയും എല്ലാവരുടെയും സഹകരണത്തോടെയും ഇത്തരം പ്രവൃത്തികള്‍ തടയണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.

സ്റ്റോക്ക്ഹോമില്‍ മുസ്ഹഫ് കോപ്പി കത്തിച്ചതിനെ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) കടുത്ത ഭാഷയില്‍ അപലപിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ മുസ്ലിംകളെ പ്രകോപിപ്പിക്കുന്ന ഹീനകൃത്യമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോലീസ് സംരക്ഷണയിലാണ് സ്വീഡിഷ് തലസ്ഥാനത്ത് മുസ്ഹഫ് കോപ്പി കത്തിച്ചത്. സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ ആശയങ്ങള്‍ക്ക് ഇത്തരം ചെയ്തികള്‍ അപകീര്‍ത്തിയുണ്ടാക്കുന്നു. വിശുദ്ധമായതിനെ ബഹുമാനിക്കണമെന്നും ഏതെങ്കിലും കാരണത്താല്‍ പ്രകോപനം സൃഷ്ടിച്ച് അതിനെതിരെ വികാരങ്ങള്‍ ഇളക്കിവിടരുതെന്നും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ആവശ്യപ്പെടുന്നു. വിദ്വേഷം ഉയര്‍ത്തിവിടുകയും മതവികാരം ഇളക്കിവിടുകയും ചെയ്യുന്ന, തീവ്രവാദത്തിന്റെ അജണ്ടകളെ മാത്രം സേവിക്കുന്ന ചെയ്തികളുടെ അപകടങ്ങള്‍ക്കെതിരെ റാബിത്വ സെക്രട്ടറി ജനറലും ഉന്നത പണ്ഡിതസഭാംഗവും ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്സ് പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

തുര്‍ക്കിയും കുവൈത്തും അടക്കം നിരവധി അറബ്, മുസ്ലിം രാജ്യങ്ങള്‍ സംഭവത്തെ രൂക്ഷമായി അപലപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തുര്‍ക്കി വിദേശ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞു. ബലിപെരുന്നാള്‍ ദിനത്തില്‍ മുസ്ഹഫ് കോപ്പി കീറിപ്പറിച്ച് കത്തിക്കുന്നതിലേക്ക് നയിച്ച പ്രതിഷേധ പ്രകടനം മസ്ജിദിനു പുറത്ത് നടത്താന്‍ അനുവദിച്ച സ്വീഡിഷ് പോലീസ് നടപടിയില്‍ മസ്ജിദ് പ്രതിനിധികള്‍ അസംതൃപ്തരാണെന്ന് മസ്ജിദ് ഡയറക്ടറും ഇമാമുമായ മഹ്‌മൂദ് ഖല്‍ഫി പറഞ്ഞു. പ്രകടനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മസ്ജിദ് പോലീസിനോട് നിര്‍ദേശിച്ചു. നിയമ പ്രകാരം അത് സാധ്യമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു -പ്രസ്താവനയില്‍ മഹ്‌മൂദ് ഖല്‍ഫി പറഞ്ഞു.

 

 

 

Latest News