ഉന്നത സി പി എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ തീരുമാനം

തിരുവനന്തപുരം - ഉന്നത സി പി എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കടത്തിയെന്ന ആരോപണം തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷര്‍ വി.അജിത് അന്വേഷിക്കും. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററായിരുന്ന ജി.ശക്തിധരന്‍ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹ്നാന്‍ ഡി ജി പിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉന്നത സി പി എം നേതാവ് വാങ്ങിയ രണ്ട് കോടി മുപ്പത്തയ്യായ്യിരം രൂപയുടെ അഴിമതിപ്പണം തന്റെ ഓഫീസില്‍ വന്ന് എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയെന്നാണ് ജി.ശക്തിധരന്റെ ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും പറയുന്നുണ്ട്. ആരോപണത്തില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബെന്നി ബെഹ്നാന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

 

Latest News