കൊച്ചി- എല്ലാ മതങ്ങളും കരുണയുടെ സന്ദേശമാണ് നല്‍കുന്നതെന്ന് ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്സോ. കേരളത്തിലെ വിവിധ മതസാമുദായിക നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒന്നിച്ചു അണിനിരക്കുന്ന കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്‍ (സി. സി. സി) കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് ദലൈലാമ തന്റെ പ്രതിനിധി മുഖാന്തിരം നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സമൂഹത്തെ ക്രിയാത്മകമായ ദിശയിലേക്ക് കൊണ്ടുപോകുന്നതിന് മതപാരമ്പര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാമെന്ന് തനിക്ക് തോന്നുന്നു. മെച്ചപ്പെട്ട അവബോധത്തിലൂടെ നമുക്ക് മാനവികതയുടെ വികാരം സൃഷ്ടിക്കാനും ലോകത്തിലെ സമാധാനത്തിലേക്ക് സംഭാവന നല്‍കാനും കഴിയുമെന്നും ദലൈലാമ തന്റെ സന്ദേശത്തില്‍ പറഞ്ഞു. തിബറ്റന്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആചാര്യ യെഷി പുന്ത്സോയാണ് ദലൈലാമയുടെ സന്ദേശം വായിച്ചത്.
മനുഷ്യത്വമാണ് സംഘടനയുടെ പ്രധാന കാഴ്ചപ്പാടെന്ന് സി. സി. സി. ചെയര്‍മാന്‍ പി. മുഹമ്മദലി ഗള്‍ഫാര്‍ പറഞ്ഞു. നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. എല്ലാ വൈവിധ്യങ്ങള്‍ക്കുമിടയില്‍ ഒരുമിച്ച് നില്‍ക്കേണ്ടവരാണ് നമ്മള്‍. ഐക്യത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. എല്ലാവരുമായി ഒരുമിച്ച് മുന്നോട്ടുപോകും. സാമുദായിക മൈത്രി നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന ആശയത്തില്‍ അടിയുറച്ച് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍. എസ്. എസ്. എറണാകുളം കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രന്‍ ഉദ്ഘാടന പ്രതിജ്ഞ ചൊല്ലി. മലങ്കര ഒര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് മൂന്നാമന്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, എറണാകുളം വിവേകാനന്ദ യോഗസന കേന്ദ്രം പ്രസിഡന്റ് സ്വാമി പുരാനന്ദ മഹാരാജ്, സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഡോ. ബാഹാവുദ്ദീന്‍ നദ്വി, ശിവഗിരി മഠം ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, സിറോ മലബാര്‍ സഭയിലെ ബിഷപ്പ് മോര്‍ മാത്യു അറയ്ക്കല്‍, ജമാഅത്തെ ഇസ്ലാമി കേരള ഘടകം പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, യാക്കോബായ സഭ അങ്കമാലി ഡയസ് മോട്രോപൊലിറ്റന്‍ ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, സ്വാമി ശ്രീഹിപ്രസാദ്, കെ എന്‍ എം വൈസ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍, മാര്‍ത്തോമ വൈദികന്‍ ജോര്‍ജ് മാത്യു, ഇസ്‌ലാമിക പണ്ഡിതന്‍ പി. പി. ഉമര്‍ സുല്ലമി, സിറോ മലബാര്‍ സഭ മിഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ഫാ. ആന്റണി വടക്കേക്കര എന്നിവര്‍ സംസാരിച്ചു.