തിരുവനന്തപുരം- കേരളത്തിൽ പൊതുഗതാഗത വിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി സർക്കാർ വിജ്ഞാപനമായതോടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ വേഗതകുറവെന്ന പരാതിക്ക് പരിഹാരമായി.
കേന്ദ്ര നിയമത്തിനനുസൃതമായി വിവിധ നിരത്തുകളിൽ കേരളത്തിലെ വാഹനങ്ങളുടെയും വേഗത പുനർനിശ്ചയിക്കാൻ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിലവിലുണ്ടായിരുന്ന കേരള സർക്കാർ വിജ്ഞാപനം അനുസരിച്ച് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് 60 കിലോമീറ്റർ വേഗത ആണ് നൽകിയിരുന്നത്. എന്നാൽ വിവിധ നിരത്തുകളിൽ കേന്ദ്ര നിയമമനുസരിച്ചുള്ള വേഗത ഇല്ലാത്തത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്ന പരാതികൾ വ്യാപകമായിരുന്നു. കേരളത്തിലെ റോഡുകളിലെ വേഗത പുനനിർണയിച്ച് കൊണ്ട് സർക്കാർ ഉത്തരവായതോടെയാണ് കെ.എസ്.ആർ.ടി.സിയുടേയും, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടേയും വേഗത 80 കിലോ മീറ്റർ/ മണിയ്ക്കൂർ ആക്കാൻ തീരുമാനിച്ചത്.
ഇപ്പോൾ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ചില റോഡുകളിൽ 95 കിലോമീറ്റർ വരെ വേഗപരിധി ഉണ്ടെങ്കിലും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ വേഗത 80 കിലോ മീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. എന്നാൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ഗജരാജ് അഇ സ്ലീപ്പർ തുടങ്ങിയ ബസുകളിലെ വേഗത 95 കിലോ മീറ്റർ ആയി ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ യാത്രക്കാരെ വളരെ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിന് കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സർവീസുകളുടെ തുടക്കത്തിൽ ചെറിയ ദൂര ബസുകൾ ഓടിച്ചു കൊണ്ടിരുന്ന ജീവനക്കാർക്ക് ദീർഘ ദൂര റൂട്ടുകളിൽ അനുഭവ പരിജ്ഞാനം കുറവായിരുന്നതിനാൽ ബസുകൾ അപകടങ്ങളിൽ പെടുന്നതുംകൂടി കണക്കിലെടുത്താണ് പുതിയതായി സൂപ്പർ ഫാസ്റ്റ് ബസ്സുകൾ നിരത്തിലിറക്കിയപ്പോൾ വേഗ പരിധി വളരെ കുറച്ച് നിജപ്പെടുത്തുവാൻ തീരുമാനിച്ചത്. ഈ തീരുമാനം കൊണ്ട് ബസുകൾ അപകടങ്ങളിൽ പെടുന്നത് ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചു. ഇപ്പോൾ ജീവനക്കാർ പരിചയം സിദ്ധിച്ചിരിയ്ക്കുന്നതിനാൽ സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള വേഗം ഉയർത്തുന്നതിന് തീരുമാനിയ്ക്കുകയിരുന്നു.