സൗദിയില്‍ പെട്രോള്‍ ബങ്കില്‍ തൊഴിലാളികളെ കാറിടിച്ച് തെറിപ്പിച്ചു, വീഡിയോ പ്രചരിപ്പിച്ചയാളും കുടുങ്ങും

അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിലെ രണ്ടു തൊഴിലാളികള്‍ക്കു നേരെ സ്വദേശി പൗരന്റെ ആക്രമണം. പിക്കപ്പ് ഉടമയായ അക്രമി തൊഴിലാളികളെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
പിക്കപ്പുമായി അമിത വേഗത്തിലെത്തിയ പ്രതി തൊഴിലാളികള്‍ക്കു നേരെ വാഹനം ഓടിച്ചുകയറ്റി. പിക്കപ്പ് പാഞ്ഞുവരുന്നത് കണ്ട് തൊഴിലാളികളില്‍ ഒരാള്‍ തെന്നിമാറി. രണ്ടാമനെ പിക്കപ്പ് ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ തൊഴിലാളിക്ക് നിലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഇതുകൊണ്ടും മതിയാക്കാതിരുന്ന പിക്കപ്പ് ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി രണ്ടാമത്തെ തൊഴിലാളിയുടെ മുഖത്ത് ആഞ്ഞടിച്ചു. തുടര്‍ന്ന് ഇയാള്‍ ഓടിപ്പോയി പിക്കപ്പില്‍ നിന്ന് കത്തിയുമായി എത്തിയും തൊഴിലാളിയെ ആക്രമിക്കുന്നത് തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അല്‍ബാഹ പോലീസ് അറിയിച്ചു.

 

 

Latest News