സ്ത്രീകളുടെ ആഡംബര കാറുകള്‍ മോഷ്ടിക്കുന്ന ടെക്കി യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്- പാര്‍ക്കിംഗ് ജീവനക്കാരനെന്ന വ്യാജേന രണ്ട് ആഡംബര കാറുകള്‍ മോഷ്ടിച്ച 29 കാരനായ വെബ്‌സൈറ്റ് ഡെവലപ്പറെ പോലീസ് അറസ്റ്റ് ചെയ്തു. ബി അരുണ്‍ റെഡ്ഡി എന്നയാളാണ് അറസ്റ്റിലായത്. ജൂണ്‍ 24 ന് സംഗീത കച്ചേരിയില്‍ പങ്കെടുക്കാന്‍ വന്ന  സ്ത്രീയുടെ വില കൂടിയ കാര്‍ മോഷണം പോയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പാര്‍ക്കിംഗ് സ്റ്റാഫാണെന്ന് അവകാശപ്പെട്ടാണ് റെഡ്ഡി സ്ത്രീയെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് തന്റെ കൈയിലെ ഫോണിലെ ഒരു ആപ്പില്‍ സ്ത്രീയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും അവര്‍ കാറിന്റെ താക്കോല്‍ നല്‍കുകയും ചെയ്തു.
മോഷ്ടിച്ച വാഹനം ഇയാള്‍ ഒരു ഹോട്ടലിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇത് എടുക്കാന്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു പബ്ബില്‍ നിന്ന് മറ്റൊരു ആഡംബര കാര്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. ഈ കാര്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായും സൈബരാബാദ് പോലീസ് പറഞ്ഞു.

 

Latest News