Sorry, you need to enable JavaScript to visit this website.

എടവണ്ണയിൽ പത്തു വയസുകാരിയെ ബലാൽസംഗം ചെയ്തയാൾക്ക് 63 വർഷം കഠിന തടവ്

മഞ്ചേരി-പത്തുവയസുകാരിയെ  ബലാൽസംഗം ചെയ്ത 48കാരന് മഞ്ചേരി സ്പെഷൽ പോക്സോ കോടതി 63 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.  അമ്പലവയൽ നെല്ലറച്ചാൽ പാങ്ങലേരി അരീക്കുന്ന് ഗോപാലകൃഷ്ണ (48) നെയാണ് ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്.  2020 ജനുവരി മുതൽ മേയ് മാസം വരെ ബാലികയും കുടുംബവും താമസിക്കുന്ന ക്വാർട്ടേഴ്സിൽ വച്ചാണ് പലതവണ ബലാൽസംഗം ചെയ്തത്. എടവണ്ണ പോലീസ് ഇൻസ്പെക്ടറായിരുന്ന എം.ബി സിബിൻ ആണ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. എസ്ഐ 
വി. വിജയരാജൻ, എസ്എച്ച്ഒ സുനീഷ് കെ. തങ്കച്ചൻ എന്നിവർ തുടരന്വേഷണം നടത്തിയ കേസിൽ പോലീസ് ഇൻസ്പെക്ടർ വി.വി ലതീഷാണ് കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.  18 രേഖകളും ഹാജരാക്കി.  എഎസ്ഐമാരായ എൻ. സൽമയും എൻ. ഷാജിമോളുമായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലെയ്്‌സൺ ഓഫീസർമാർ.
പോക്സോ ആക്ടിലെ മൂന്നു വകുപ്പുകളിലാണ് ശിക്ഷ.  ഓരോ വകുപ്പിലും 20 വർഷം വീതം കഠിന തടവ് ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.  ഓരോ വകുപ്പിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്
അനുഭവിക്കണം.  ഇതിനു പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വർഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയൂം ശിക്ഷയുണ്ട്.  തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതി 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയാകും.  പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതിൽ നിന്നു മൂന്നു ലക്ഷം രൂപ അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.   ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദേശവും നൽകി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.


 

Latest News