Sorry, you need to enable JavaScript to visit this website.

ഖുർആൻ കത്തിച്ചതിനെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ

ദുബായ്- സ്വീഡനിൽ ഖുർആൻ കത്തിച്ചതിനെ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും കുറ്റകരവും അനാദരവുമായ നടപടിയാണെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. വംശീയത, വിദേശീയ വിദ്വേഷം, അസഹിഷ്ണുത എന്നിവക്ക് യൂറോപ്പിൽ സ്ഥാനമില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മുസ്ലിംകൾ ഈദുൽ അദ്ഹ ആഘോഷിക്കുന്ന സമയത്താണ് ഖുർആൻ കത്തിച്ചത്. ഇത് കൂടുതൽ പ്രകോപനമുണ്ടാക്കുന്ന നടപടിയാണെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. വിദേശത്തും സ്വദേശത്തും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന നിലപാട് യൂറോപ്യൻ യൂണിയൻ തുടരും. പരസ്പര ധാരണയ്ക്കും ബഹുമാനത്തിനും വേണ്ടി ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ജനങ്ങൾക്കിടയിൽ വിദ്വേഷം കൂടുതൽ പടരാതെ സൂക്ഷിക്കുന്നതിനുള്ള സമയമാണിതെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. 
അതേസമയം, സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ സെൻട്രൽ ജുമാമസ്ജിദിനു മുന്നിൽ ബലിപെരുന്നാൾ ദിനത്തിൽ വിശുദ്ധ മുസ്ഹഫ് കോപ്പി പിച്ചിച്ചീന്തി കത്തിച്ച സംഭവത്തിന്റെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അടുത്തയാഴ്ച അടിയന്തിര യോഗം ചേരും. ഈ വർഷത്തെ ഒ.ഐ.സി ഉച്ചകോടി അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഒ.ഐ.സി യോഗം ചേരുന്നത്. ഈ നിന്ദ്യമായ പ്രവൃത്തിക്കെതിരെയുള്ള നടപടികൾ വിശകലനം ചെയ്യുന്ന ഒ.ഐ.സി യോഗം വിശുദ്ധ ഖുർആനെ അവഹേളിക്കുന്നതിനെതിരെ മുസ്‌ലിം രാജ്യങ്ങളുടെ ഏകീകൃത നിലപാട് പ്രകടിപ്പിക്കും. 
പോലീസ് സംരക്ഷണയിൽ ഖുർആൻ കോപ്പി കത്തിക്കാൻ അനുവദിച്ച സ്വീഡിഷ് അധികൃതരുടെ നടപടിയെ അറബ്, മുസ്‌ലിം രാജ്യങ്ങളും സംഘടനകളും അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. യു.എ.ഇയിലെ സ്വീഡിഷ് അംബാസഡറെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി സംഭവത്തിലുള്ള കടുത്ത പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വീഡിഷ് ഗവൺമെന്റ് ഒളിച്ചോടുന്നതിലും സാമൂഹികമൂല്യങ്ങൾ മാനിക്കാത്തതിലും യു.എ.ഇ വിദേശ മന്ത്രാലയം രൂക്ഷമായി പ്രതിഷേധിച്ചു. ലോക സമാധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന വിദ്വേഷ, വംശീയ ഭാഷണങ്ങൾ ലോക രാജ്യങ്ങൾ ശക്തമായി നിരീക്ഷിക്കണം. ഇത്തരം നീചപ്രവൃത്തികൾക്ക് മറയായി അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വീഡിഷ് അംബാസഡർക്ക് കൈമാറിയ പ്രതിഷേധക്കുറിപ്പിൽ യു.എ.ഇ പറഞ്ഞു. 
സംഭവത്തിൽ പ്രതിഷേധിച്ച് സ്വീഡനിലെ തങ്ങളുടെ അംബാസഡറെ മൊറോക്കൊ തിരിച്ചുവിളിച്ചു. മൊറോക്കൊയിലെ സ്വീഡിഷ് എംബസി ചാർജ് ഡി അഫയേഴ്‌സിനെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം നേരിട്ടറിയിക്കാനും മുഹമ്മദ് ആറാമൻ രാജാവ് നിർദേശിച്ചു. നിരുത്തരവാദപരവും ശത്രുതാപരവുമായ ഈ പ്രവൃത്തി ഹജ്, ബലിപെരുന്നാൾ ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഒരു ബില്യണിലധികം വരുന്ന മുസ്‌ലിംകളുടെ വികാരങ്ങളെ അവഗണിക്കുന്നു. രാജ്യങ്ങൾ തമ്മിലെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായ വ്യത്യാസങ്ങളും എന്തുതന്നെയായാലും മുസ്‌ലിംകളുടെ വിശ്വാസത്തെ ഈ രീതിയിൽ അവഹേളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ലോകത്തെ നൂറു കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ വിശ്വാസങ്ങൾക്ക് അൽപസ്വൽപം പരിഗണന നൽകണമെന്നും മൊറോക്കൊൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
സംഭവത്തെ ഒ.ഐ.സിയും അറബ് ലീഗും ശക്തമായ ഭാഷയിൽ അപലപിച്ചു. തീവ്രവാദം പ്രോത്സാഹിപ്പിക്കലും വെറുപ്പിന്റെയും ഇസ്‌ലാമോഫോബിയയുടെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നവരോട് സഹിഷ്ണുത കാണിക്കലുമല്ല ഗവൺമെന്റുകളുടെ ഉത്തരവാദിത്തമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത് പറഞ്ഞു. മറ്റുള്ളവരുടെ വിശ്വാസങ്ങളോടുള്ള അവഹേളനം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ഈ ഹീനമായ സംഭവത്തിന്റെ അനന്തര ഫലങ്ങളുടെ ഉത്തരവാദിത്തം സ്വീഡിഷ് ഗവൺമെന്റിനാകും. വിവിധ മതാനുയായികൾക്കിടയിൽ വിദ്വേഷം വർധിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് എല്ലാവർക്കും അവബോധമുണ്ടായിട്ടും ഈ നീചപ്രവൃത്തിയോട് സ്വീഡിഷ് ഗവൺമെന്റ് സഹിഷ്ണുത കാണിച്ചതിനെ അഹ്മദ് അബുൽഗെയ്ത്ത് അപലപിച്ചു. 
മുസ്‌ലിംകളെ അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന കാര്യം പശ്ചാത്യ ധാർഷ്ട്യത്തിന്റെ പ്രതീകങ്ങളെ ഞങ്ങൾ പഠിപ്പിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. തീവ്രവാദ സംഘടനകളോടും ഇസ്‌ലാമിന്റെ ശത്രുക്കളോടും നിശ്ചയദാർഢ്യത്തോടെ പോരാടുന്നതിന് ഏറ്റവും ശക്തമായി ഞങ്ങൾ പ്രതികരിക്കുമെന്നും ഉർദുഗാൻ പറഞ്ഞു.
 

Latest News