Sorry, you need to enable JavaScript to visit this website.

കോൺഗ്രസിനെ ഞെട്ടിച്ച് മുസ്ലിം ലീഗ്, സുധാകരൻ പങ്കെടുത്ത യോഗം ബഹിഷ്‌കരിച്ചു

കണ്ണൂർ-കോർപറേഷൻ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ്സിനെ ഞെട്ടിച്ച് മുസ്‌ലിം ലീഗ്. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ പങ്കെടുത്ത രാഷ്ടീയ വിശദീകരണ പരിപാടി ബഹിഷ്‌കരിച്ചാണ് കോൺഗ്രസിന് ലീഗ് മുന്നറിയിപ്പ് നൽകിയത്. മേയർ സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ അന്തിമ നിലപാട് കൈക്കൊള്ളുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്. വിഷയം ലീഗ് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
കെ.പി.സി.സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനുമെതിരെ പിണറായി സർക്കാർ കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡണ്ടിന്റെ തട്ടകത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണമാണ് ലീഗ് ബഹിഷ്‌കരിച്ചത്. കെ. സുധാകരനൊപ്പം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി കൂടി പ്രസംഗിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മാത്രമല്ല, ഫ്‌ളക്‌സിൽ ഇരു നേതാക്കളുടെ ചിത്രങ്ങളും അച്ചടിച്ചിരുന്നു. പരിപാടിയിൽ മറ്റ് മുഴുവൻ ഘടക കക്ഷി നേതാക്കളും പങ്കെടുക്കുകയും ചെയ്തു. കണ്ണൂരിൽ ഉണ്ടായിട്ടും ലീഗ് ജില്ല പ്രസിഡണ്ട് അബ്ദുൽ കരിം ചേലേരി ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. പരിപാടിയെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നാണ് കെ.എം.ഷാജി പ്രതികരിച്ചത്.
കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുന്നതുവരെ കോൺഗ്രസുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ് ലീഗ് നേതൃത്വം. ഈ വിഷയത്തിൽ നാളെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
 കോർപറേഷൻ മേയർ സ്ഥാനം അവസാനത്തെ രണ്ടരവർഷത്തെ ടേം തങ്ങൾക്ക് കിട്ടണമെന്ന തീരുമാനത്തിൽ നിന്ന് ഒരിഞ്ചുപോലും പുറകോട്ടില്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. കോൺഗ്രസ് വാക്കുപാലിച്ചില്ലെങ്കിൽ വേണ്ടിവന്നാൽ മുന്നണി ബന്ധം തന്നെ ഉപേക്ഷിക്കുമെന്നു ലീഗ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടരവർഷത്തിൽ കുറഞ്ഞ ഒരു നീക്കുപോക്കിനും തയ്യാറാകേണ്ടതില്ലെന്നാണ് ലീഗ് ജില്ലാ നേതൃയോഗത്തിന്റെയും തീരുമാനം.
കോൺഗ്രസുമായി ഇനി ചർച്ചക്കില്ലെന്നും ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ സുധാകരനെ ഇനി സമീപിക്കില്ലെന്നും ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനും മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ലീഗ് ജില്ലാ നേതാക്കളും പങ്കെടുത്ത ഉഭയകക്ഷി ചർച്ചയിലാണ് ആദ്യ രണ്ടരവർഷം കോൺഗ്രസിനും പിന്നീട് ലീഗിനും മേയർ പദവി തീരുമാനിച്ചത്. എന്നാൽ, രണ്ടരവർഷം പൂർത്തിയായിട്ടും കോൺഗ്രസ് മേയർ പദവി കൈമാറ്റം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞയാഴ്ച കെ.സുധാകരന്റെ സാന്നിധ്യത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിലും കോൺഗ്രസ് മേയർ പദവി കൈമാറില്ലെന്ന നിലപാടാണെടുത്തത്. കോർപറേഷനിൽ കോൺഗ്രസിന് നല്ല അംഗസംഖ്യയുള്ളതിനാൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുംപിടുത്തമായിരുന്നു ഡി.സി.സി നേതൃത്വത്തിന്റേത്. കണ്ണൂർ കോർപറേഷൻ മേയർ പദവി കൈമാറണമെങ്കിൽ ലീഗ് കൈവശംവെക്കുന്ന തളിപ്പറമ്പ് മുൻസിപ്പാലിറ്റി ഉൾപ്പെടെയുള്ള  തദ്ദേശ സ്ഥാപനങ്ങളിലും ഇതേ രീതിയിൽ മാറ്റം വേണമെന്ന നിർദേശവും കോൺഗ്രസ് മുന്നോട്ടുവെച്ചു. ഇതിലൂടെ ലീഗിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം.
ഇതിനുശേഷം ഡി.സി.സി പ്രസിഡന്റുമായി നടന്ന ചർച്ചയിലും പ്രശ്‌ന പരിഹാരം ഉണ്ടാവാതെ വന്നതോടെയാണ് ലീഗ് പരസ്യപ്രതികരണം നടത്തിയത്. 
ഈ വിഷയത്തിൽ ലീഗ് കടുത്ത നിലപാടിലേക്ക് പോകുമോ എന്ന അശങ്കയിലാണ് ഘടക കക്ഷികൾ. ഇത്തരമൊരു നിലപാട് കൈക്കൊണ്ടാൽ ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തെ ബാധിക്കും. മാത്രമല്ല, ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കും. അതിനിടെ,  ജൂലൈ രണ്ടാംവാരം കോർപറേഷനിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള അണിയറ നീക്കത്തിലാണ് ലീഗ് എന്ന ശ്രുതിയും പടരുന്നുണ്ട്.

Latest News