നാദാപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു; ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

നാദാപുരം- ജാതിയേരി കല്ലുമ്മൽ വാണിമേൽ പുഴയുടെ ഭാഗമായ കൊയിലോത്തുപാറ പുഴയിൽ  ഒഴുക്കിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം ജാമിയ ഹാഷിമിയ്യ കോളേജിലെ രണ്ടാം വർഷ  വിദ്യാർത്ഥി  മാമുണ്ടേരി സ്വദേശി സഹൽ (14 )ആണ് മരിച്ചത്. ഫയർ റെസ്‌ക്യൂ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലിനോടുവിലാണ് സഹലിനെ പുറത്തെടുത്തത്.
ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര  ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 
സഹലിനൊപ്പം ഒഴുക്കിൽപ്പെട്ട മാമുണ്ടേരി തയ്യുള്ളതിൽ അജ്മലിനെ  നാട്ടുകാർ  രക്ഷപ്പെടുത്തി കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷക്ക് ശേഷം വടകര സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഇന്ന് ഉച്ചതിരിഞ്ഞ്  മാമുണ്ടേരി ഭാഗത്തുനിന്ന് 13 ഓളം കുട്ടികൾ  ഇവിടെ കുളിക്കാൻ എത്തിയിരുന്നു. ഇതിൽ പെട്ട രണ്ടുപേരാണ്  കയത്തിൽ മുങ്ങിയത്. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ബഹളം വച്ചതോടെ  ഓടി കൂടിയ നാട്ടുകാർ  പുഴയിലേക്ക് എടുത്തു ചാടി തിരയുകയായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ദരും സ്ഥലത്തെത്തി.
 

Latest News