ന്യൂദല്‍ഹി- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലിഫോണില്‍ സംസാരിച്ചു. യുക്രെയ്ന്‍ അധിനിവേശവും നിലവിലെ സ്ഥിതിയും ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു. വാഗ്നര്‍ കൂലിപ്പട്ടാളത്തെ എങ്ങനെ പിന്തിരിപ്പിച്ചു എന്നതിനെ കുറിച്ചും പുടിനുമായുള്ള സംഭാഷണത്തില്‍ മോഡി ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയിലുണ്ടായ സംഭവവികാസങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മോഡിയെ കഴിഞ്ഞ ആഴ്ച ധരിപ്പിച്ചിരുന്നു. എന്നാല്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ നീക്കങ്ങളെ യുദ്ധത്തിന്റെ പ്രതിഫലനമായാണ് കേന്ദ്രം വിലയിരുത്തുന്നത്.