ഡോ.വന്ദനാ ദാസിന്റെ കൊലപാതകം: പോലീസ് അന്വേഷണം കാര്യക്ഷമല്ല, സി ബി ഐ വേണമെന്ന് മാതാപിതാക്കള്‍

കോട്ടയം - കൊട്ടാരക്കര ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിനെക്കുറിച്ചുള്ള സംസ്ഥാന പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലന്നാണ് ഡോ.വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം. കൊലപാതകത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ചകള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നു. ഡോ.വന്ദന ദാസിന്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറിയിട്ടുണ്ട്. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൊലപാതകത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്ത് വരണമെങ്കില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് കുടുംബം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

Latest News