ആലപ്പുഴ- പുന്നപ്രയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന 13 വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കാന്റീനില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥികളെ ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാന്റീനില്‍ നിന്ന് ചോറും സാമ്പാറും കഴിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്നാണ് 13 വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഇതില്‍പെടുന്നു. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് കുട്ടികള്‍ പരാതിപ്പെട്ടിരുന്നതായാണ് വിവരം.അതേസമയം ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു. ഭക്ഷണത്തെക്കുറിച്ചുള്ള കുട്ടികളുടെ പരാതിയിന്മേല്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് കലക്ടര്‍ മടങ്ങിയത്.