Sorry, you need to enable JavaScript to visit this website.

പൊന്നാനിയില്‍ എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു; ജാഗ്രതക്ക് നിര്‍ദേശം

പൊന്നാനി-പൊന്നാനി നഗരസഭാ പരിധിയില്‍ ഒരു വീട്ടില്‍ അടുത്തടുത്ത ദിവസങ്ങളിലായി അച്ഛനും മകനും എലിപ്പനി ബാധിച്ചു മരിച്ചു. ക്ഷീരകര്‍ഷകനായ കളരിക്കല്‍ വാസു(70), മകന്‍ സുനില്‍(44) എന്നിവരാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് പൊന്നാനി പള്ളപ്രത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചത്. ഒരു വീട്ടില്‍ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍സാധ്യതയുള്ള ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം എലിപ്പനി ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവരാണ്. ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു. മരണ സംഭവിച്ച വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനവും മറ്റും ചെയ്തതായി പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറവും പറഞ്ഞു. ഷാജിയാണ് വാസുവിന്റെ മറ്റൊരു മകന്‍. ഷീലയാണ് സുനിലിന്റെ ഭാര്യ.മകള്‍: ദിയ.

 

 

 

 

 

 

Latest News