തൃശൂര്‍-ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത കേസില്‍ പിടികൂടിയത് ലഹരി മരുന്നല്ലെന്നു ലാബിലെ പരിശോധനയില്‍ തെളിഞ്ഞു. മയക്കുമരുന്നാണെന്ന് കരുതി മറ്റെന്തോ പിടികൂടിയ സംഭവത്തില്‍ ചാലക്കുടി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഷി സ്റ്റൈയില്‍' ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല സണ്ണി രണ്ടര മാസത്തോളമാണ് ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. ഇതോടെ എക്സൈസ് അധികൃതര്‍ പറഞ്ഞതെല്ലാം കള്ളക്കഥയാണെന്ന് തെളിഞ്ഞിരിക്കുകയാണ്
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ബ്യൂട്ടി പാര്‍ലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വില്പനയെന്നും ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്ക്കാന് വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ബ്യൂട്ടി പാര്‍ലറില്‍ ലഹരി വില്പന നടക്കുന്നതായി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരിമരുന്ന് സഹിതം ഷീലയെ പിടികൂടിയതെന്നായിരുന്നു എക്സൈസ് അധികൃതര്‍ ഷീലയെ കൊണ്ടുപോകുമ്പോള്‍ പറഞ്ഞിരുന്നത്..
തന്റെ ബ്യൂട്ടിപാര്ലറില്നിന്ന്ന എക്സൈസ് അധികൃതര്‍ ലഹരി മരുന്നെന്ന പേരില്‍ ചില പൊതികള്‍ പിടിച്ചെടുത്തത് ആരോ പറഞ്ഞു വിട്ട പോലെയായിരുന്നു എന്ന് ഷീല മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്ത കേസിന്റെ പേരില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.






