Sorry, you need to enable JavaScript to visit this website.

വിദേശങ്ങളിൽനിന്ന് ഒരു കോടിയിലേറെ ഉംറ തീർഥാടകർ എത്തി -ഹജ്, ഉംറ മന്ത്രി

ഹജ് നിർവഹിക്കുന്ന വിദേശ രാഷ്ട്ര നേതാക്കളെയും വിശിഷ്ട വ്യക്തികളെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മിനാ കൊട്ടാരത്തിൽ സ്വീകരിക്കുന്നു.

മിന- ആത്മീയ യാത്രയുടെ ഓരോ ഘട്ടത്തിലും ഏറ്റവും മികച്ച സേവനങ്ങളാണ് തീർഥാടകർക്ക് ലഭിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. 
ഇക്കൊല്ലം ഹജ് നിർവഹിക്കുന്ന വിദേശ രാഷ്ട്ര നേതാക്കളെയും വിശിഷ്ട വ്യക്തികളെയും മുസ്‌ലിം നേതാക്കളെയും രാജാവിന്റെ അതിഥികളെയും ഹജ് മിഷൻ മേധാവികളെയും മിനാ കൊട്ടാരത്തിൽ സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
കഴിഞ്ഞ വർഷത്തെ ഹജ് സീസൺ അവസാനിച്ചതു മുതൽ ഇക്കൊല്ലത്തെ ഹജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. നാൽപതിലേറെ സർക്കാർ വകുപ്പുകൾ പരസ്പര സംയോജനത്തോടെയും പങ്കാളിത്തത്തോടെയും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നു. 
നടപടിക്രമങ്ങൾ ലഘൂകരിച്ചും വിസാ സംവിധാനം പരിഷ്‌കരിച്ചും വിസാ സംവിധാനം വ്യത്യസ്ത ഭാഷകളിൽ ഏകീകൃത പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽവൽക്കരിച്ചും കിരീടാവകാശിയുടെ നിർദേശാനുസരണം വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാം ലക്ഷ്യങ്ങൾ കൈവരിക്കാൻ നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഫലമയി ഈ വർഷം ഉംറ തീർഥാടകരുടെ എണ്ണം സർവകാല റെക്കോർഡ് സ്ഥാപിച്ചു. ഒരു കോടിയിലേറെ ഉംറ തീർഥാടകർ ഈ കൊല്ലം വിദേശങ്ങളിൽ നിന്നെത്തി. 
ആദ്യമായി ഈ വർഷം വിദേശ ഹജ് തീർഥാടകർക്ക് സേവനം നൽകുന്ന കാര്യത്തിൽ നീതിപൂർവമായ മത്സരത്തിന് അവസരമൊരുക്കി. സൗദിയിലേക്കുള്ള മുഴുവൻ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളിൽ വെച്ച് പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി കൂടുതൽ വ്യാപകമാക്കി. ഈ കൊല്ലം ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെട്ടു. ഇതുവരെ നാലു ലക്ഷത്തിലേറെ പേർക്ക് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെട്ടു. 
തീർഥാടകരുടെയും സന്ദർശകരുടെയും മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിന് പങ്കാളികളുമായി ഏകോപിച്ച് ഇസ്‌ലാമിക ചരിത്ര സ്ഥലങ്ങളും പൈതൃക കേന്ദ്രങ്ങളും പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. 
വരും വർഷങ്ങളിൽ പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലേറെ ചരിത്ര സ്ഥലങ്ങൾ തുറക്കുമെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു. 
മലേഷ്യൻ രാജാവ് അബ്ദുല്ല രിആയതുദ്ദീൻ അൽമുസ്തഫ ബില്ല ഷാ, സെനഗൽ പ്രസിഡന്റ് മക്കി സാൽ, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശിഹാബുദ്ദീൻ, പാക്കിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവി, മാൽഡീവ്‌സ് വൈസ് പ്രസിഡന്റ് ഫൈസൽ നസീം, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, ലെബനീസ് പ്രധാനമന്ത്രി മുഹമ്മദ് നജീബ് മീഖാത്തി, സോമാലിയ പ്രധാനമന്ത്രി ഹംസ അബ്ദി ബരി, നൈജർ പ്രധാനമന്ത്രി ഓഹുമൂദു മഹമദു, ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് അശ്തയ്യ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 
അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, തായിഫ് ഗവർണർ സൗദ് ബിൻ നഹാർ ബിൻ സൗദ് രാജകുമാരൻ, ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി രാജകുമാരൻ, സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Latest News