ന്യൂദല്‍ഹി- രക്ഷിതാക്കള്‍ ഫീസ് അടയ്ക്കാന്‍ വൈകി എന്നാരോപിച്ച് ദല്‍ഹി സ്‌കൂള്‍ അധികൃതര്‍ പിഞ്ചു പെണ്‍കുട്ടികളെ മണിക്കൂറുകളോളം പൂട്ടിയിട്ടു. കെ.ജി വിദ്യാര്‍ത്ഥികളായ അമ്പതോളം കുട്ടികളെയാണ് സ്‌കൂള്‍ അധികൃതര്‍ കെട്ടിടത്തിന്റെ അടിത്തട്ടില്‍ രാവിലെ മുതല്‍ ഉച്ച വരെ കടുത്ത ചൂടില്‍ തടവിലിട്ടത്. ഇവര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ അധ്യാപകര്‍ ക്രൂരത കാട്ടിയെന്നാരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി. ഒടുവില്‍ പോലിസിന്റെ സഹായത്തോടെയാണ് കുട്ടികളെ മോചിപ്പിച്ചത്. ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ റാബിയ ഗേള്‍സ് പബ്ലിക് സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം.
കുട്ടികളെ വീട്ടിലേക്കു കൂട്ടാന്‍ സ്്കൂളിലെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ കാണാതയതോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പൂട്ടിയിട്ട വിവരമറിയുന്നത്. തുടര്‍ന്ന് കാരണമന്വേഷിച്ചപ്പോള്‍ ഫീസിടക്കാത്തതിനാലാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ രക്ഷിതാക്കളില്‍ പലരും ഫീസ് നേരത്തെ അടച്ചതായിരുന്നു. എന്നാല്‍ സ്‌കൂളിലെ ഡാറ്റാബേസില്‍ ഫീസ് അടച്ചതായി കാണിക്കുന്നില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. ഇതു തര്‍ക്കത്തിനിടയാക്കി.
ഫീസ് അടച്ചതിന് തെളിവു നല്‍കിയിട്ടും കുട്ടികളോട് കാട്ടിയ ക്രൂരതയ്ക്ക് പ്രിന്‍സിപ്പാല്‍ ക്ഷമാപണം പോലും നടത്തിയില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവായ സിയാവുദ്ദീന്‍ പറഞ്ഞു. കുട്ടികള്‍ നിരന്തരം കരയുകയായിരുന്നു. ഫീസ് അടക്കാത്തതിന്റെ പേരില്‍ ഇങ്ങനെ ശിക്ഷിക്കാമോ എന്നായിരുന്നു മറ്റൊരു രക്ഷിതാവായ മുഹമ്മദ് ഖാലിദിന്റെ ചോദ്യം. സംഭവത്തില്‍ പോലീസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തു. ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.