ഗൂഗ്ള്‍ സേവനങ്ങളിലെ സുരക്ഷാ വീഴ്ച കണ്ടെത്തി; ഇന്ത്യക്കാര്‍ ഒരു കോടി രൂപ നേടി

തിരുവനന്തപുരം- ഗൂഗ്ള്‍ സേവനങ്ങളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച മലയാളിക്കും സുഹൃത്തിനും ഒരു കോടിയിലേറെ രൂപ സമ്മാനമായി ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ. എല്‍ ശ്രീറാമും ചെന്നൈയില്‍ നിന്നുള്ള സുഹൃത്ത് ശിവനേഷ് അശോകും ചേര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് വന്‍ തുക സമ്മാനമായി ലഭിച്ചത്. നാല് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതില്‍ മൂന്നും  അവാര്‍ഡിനര്‍ഹമായി.

സ്‌ക്വാഡ്രണ്‍ ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി നടത്തുകയാണ് ശ്രീറാം. കാനഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌ക്വാഡ്രണ്‍ ലാബ്‌സ് സൈബര്‍ കടന്നുകയറ്റങ്ങളില്‍ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെ. കൃഷ്ണമൂര്‍ത്തിയുടെയും കെ. ലിജിയുടെയും മകനാണ് ശ്രീറാം.

ഗൂഗ്ള്‍ സേവനങ്ങളിലെ പിശകുകള്‍ കണ്ടെത്തുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം 2022ല്‍ 2, 3, 4 സ്ഥാനങ്ങളാണ് ശ്രീറാം സ്വന്തമാക്കിയത്. ഇതില്‍ 1,35,979 യു. എസ് ഡോളറാണ് (ഏകദേശം 1.11 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. 

ഗൂഗിളിന്റേയും മറ്റ് അനുബന്ധ പ്ലാറ്റ്‌ഫോമുകളുടെയും സേവനങ്ങളില്‍ സുരക്ഷാ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതാണ് വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം. ഇത്തരത്തില്‍ കണ്ടെത്തുന്ന സുരക്ഷാ പിഴവുകള്‍ കമ്പനിയെ അറിയിക്കുകയും അവര്‍ അതില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നതാണ് പതിവ്.

Latest News