Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവീകരിക്കപ്പെടാത്ത കേരളീയ സമൂഹം

തലമുറകളായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരുന്ന വിഭാഗങ്ങൾ മുഖ്യധാരയിലെത്തുന്നതും സമൂഹം മൊത്തത്തിൽ ആധുനികവൽക്കരിക്കപ്പെടുന്നതും അംഗീകരിക്കാൻ തയാറാകാത്ത നിരവധി പേർ ഇപ്പോഴും നമുക്കു ചുറ്റുമുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സമൂഹത്തെ പിറകോട്ടു വലിക്കലാണ് അവരുടെ ലക്ഷ്യം. സവർണ മൂല്യങ്ങളാണവരെ നയിക്കുന്നത്. അതേസമയം അയ്യൻകാളിയെ അപമാനിച്ചതിനെതിരെ നിരവധി ദളിത് പിന്നോക്ക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ മുന്നോട്ടു വന്നിട്ടുണ്ടെന്നത് സ്വാഗതാർമാണ്. 

 

മഹാത്മാ അയ്യൻകാളിയെ കേരളീയ പൊതുസമൂഹം ഭാഗികമായെങ്കിലും അംഗീകരിച്ചിട്ട് അധിക കാലമായിട്ടില്ല. അതിനു മുമ്പ് ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളുമൊക്കെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജീവിത ദർശനത്തെയും അവഗണിക്കുകയായിരുന്നു. ഇ.എം.എസ് പോലും ചെയ്തത് അതായിരുന്നു. എന്നാൽ എല്ലാ അവഗണനയെയും അതജീവിച്ച്  നമ്മുടെ പൊതുമണ്ഡലത്തിൽ അയ്യൻകാളി അനശ്വരനായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ അതു സഹിക്കാനാകാത്തവർ ഇപ്പോഴുമുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നടന്ന അവഹേളനങ്ങൾ വ്യക്തമാക്കുന്നത്.  ആദിവാസി, ദളിത് ജനതയുടെ വിമോചകനായ മഹാത്മാ അയ്യൻകാളിയെ പട്ടിയായി ചിത്രീകരിക്കുന്നത് ആ മഹാത്മാവിനെ ജാതീയമായും വംശീയമായും അപമാനിക്കുന്നതിനൊപ്പം ആദിവാസി, ദളിത് ജനതയെയും ജാതീയമായും വംശീയമായും അപമാനിക്കുന്നത് കൂടിയാണ്. മാത്രമല്ല, അയ്യൻകാളിയെ രാഷ്ട്രീയമായും വൈകാരികമായും കാണുന്ന ദളിത് ജനതയെ പ്രകോപിപ്പിച്ചു സാമൂഹിക സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യവും ഈ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് പിന്നിലുണ്ടെന്നുറപ്പ്.
19 ാം നൂറ്റാണ്ടിൽ കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ജാതീയ അടിച്ചമർത്തലിനെതിരെ, അടിമ ജാതിക്കാരുടെ ദുരിത ജീവിതത്തെ മാറ്റിമറിക്കാനായി , അന്തസ്സോടെയും തുല്യരായും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നല്ലോ അയ്യൻകാളിയുടെ പോരാട്ടം. അതിപ്പോഴും പലർക്കും ദഹിക്കുന്നില്ല എന്നാണ് ഈ അവഹേളനം വ്യക്തമാക്കുന്നത്. അയ്യൻകാളിയുടെ സമരങ്ങൾ പലപ്പോഴും സംഘർഷ ഭരിതവുമായിരുന്നു.  നിലവിലില്ലാത്ത ഒന്നിനു വേണ്ടി പോലുമായിരുന്നില്ല അദ്ദേഹം രംഗത്തിറങ്ങിയത്. തിരുവിതാംകൂറിൽ പൊതുവഴിയിൽ ആർക്കും സഞ്ചരിക്കാമെന്ന ഉത്തരവ് 1885 ൽ തന്നെ പുറത്തിറങ്ങിയിരുന്നു. എന്നാലത് നടപ്പാക്കാൻ സവർണ പ്രമാണിമാർ സമ്മതിച്ചിരുന്നില്ല. നിലവിലെ അവകാശം നേടിയെടുക്കാനായിരുന്നു അയ്യൻകാളി രംഗത്തിറങ്ങിയത്. മനുഷ്യരായി ജനിച്ച എല്ലാവരും തുല്യരാണെന്ന ആധുനികകാല സങ്കൽപം നടപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടായിരുന്നു പ്രമാണിമാരെ പോലെ തന്നെ ശുഭ്രവസ്ത്രം ധരിച്ച്, വില്ലുവണ്ടിയിൽ തന്നെ അദ്ദേഹം വിലക്കപ്പെട്ട വീഥികളിലൂടെ സഞ്ചരിച്ചത്. പൊതുവഴി എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന മാനവികതയുടെ ആദ്യപാഠം കേരളീയ സമൂഹത്തെ പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു ആ യാത്ര. കേരളീയ സമൂഹത്തെ നവീകരിക്കാനുള്ള ആഘോഷപൂർവമായ ഇടപെടലല്ലല്ലാതെ മറ്റൊന്നുമായിരുന്നില്ല ആ വില്ലുവണ്ടി യാത്ര. ആധുനികകാല മൂല്യങ്ങൾ ഉൾക്കൊണ്ട മലയാളി എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. എന്നാൽ സമൂഹം ആധുനികമാകുന്നതു സഹിക്കാനാകാത്തവർ ഇന്നുമുണ്ടെന്നതാണ് വസ്തുത. ആധുനികമായ സോഷ്യൽ മീഡിയയാണ് അതിനായവർ ഉപയോഗിക്കുന്നത് എന്നതാണ് വൈരുധ്യം. 

വിദ്യാഭ്യാസത്തിലൂടെയാണ് ഒരു വ്യക്തി വിവേകശാലിയാകുന്നതും ജീവിതം അന്തസ്സുള്ളതാകുന്നതും സമൂഹത്തിന്റെ ആദരവ് നേടുന്നതെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. സ്വന്തം സമൂഹത്തിൽ നിന്ന് പത്ത് ബി.എക്കാരെ കണ്ടു മരിക്കണമെന്നായിരുന്നല്ലോ അദ്ദേഹം ആശിച്ചതും പറഞ്ഞതും. കലാപകാരികളെയോ വിപ്ലവകാരികളെയോ എന്നല്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കുട്ടികളെ പഠിപ്പിക്കാൻ അയ്യൻകാളി സ്വന്തമായി വിദ്യാലയം തുടങ്ങിയിരുന്നല്ലോ. അന്നു രാത്രി തന്നെ അത് കത്തിക്കപ്പെട്ടു. തുടർന്നാണ് പഞ്ചമി എന്ന കുട്ടിയുമായി അദ്ദേഹം പൊതുവിദ്യാലയത്തിൽ കയറിച്ചെല്ലുന്നത്. അന്നത്തെ കാലത്തു പോലും അയ്യൻകാളി ആൺകുട്ടിയെയല്ല,  പെൺകുട്ടിയെയാണ് കൈപിടിച്ച് വിദ്യാലയത്തിൽ കയറിയത് എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാലവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടപ്പോഴാണ് ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ പണിയെടുക്കില്ല എന്ന് പ്രഖ്യാപിച്ചത്. അതിനെ ആദ്യത്തെ കർഷകത്തൊഴിലാളി സമരമായി വ്യാഖ്യാനിക്കുന്നത് അർത്ഥരഹിതമാണ്. മറിച്ച്, അത് വിദ്യാഭ്യാസാവകാശത്തിനുള്ള പ്രക്ഷോഭമായിരുന്നു.

ഫെമിനിസത്തെ കുറിച്ച് ലോകം ചിന്തിക്കാത്ത കാലത്തും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും അയ്യൻകാളി മുൻനിരയിലായിരുന്നു. കല്ലുമാല ബഹിഷ്‌കരണ സമരം തന്നെ ഉദാഹരണം.  ഡ്രസ്സ് കോഡിലൂടെയും ആഭരണങ്ങളിലൂടെയുമെല്ലാം ജാതീയ നിയമങ്ങൾ കർക്കശമായി നടപ്പാക്കുന്നതിനെതിരെ ആർക്കും ഏതു വസ്ത്രവും ധരിക്കാമെന്ന ആധുനിക ആശയത്തിനായിരുന്നു അയ്യൻകാളി രംഗത്തിറങ്ങിയത്. അതോടൊപ്പം സ്ത്രീകളുടെ മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടിയും അദ്ദേഹം പോരാടി. സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദിച്ചു.  

അത്തരമൊരു സാഹചര്യത്തിൽ സ്വാഭാവികമായും മർദിത ജനവിഭാഗങ്ങൾ  പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപ ഭൂമികളായി. രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളന വേദിയിലേക്കു് ഇരച്ചെത്തി. 1915 ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽ വെച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യൻകാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. പോരാട്ടത്തിനൊപ്പം പലപ്പോഴും അനുരഞ്ജനത്തിന്റെ ഭാഷയും അദ്ദേഹത്തിനറിയാമായിരുന്നു. പല പോരാട്ടങ്ങളെയും അദ്ദേഹം വിജയത്തിലേക്കു നയിച്ചത് സമാധാനപൂർണമായ ചർച്ചകളിൽ കൂടിയുമായിരുന്നു എന്നതോർക്കണം. സമൂഹത്തെ ആധുനികവൽക്കരിക്കുക തന്നെയായിരുന്നു എല്ലായിടത്തും അദ്ദേഹത്തിന്റെ ലക്ഷ്യം. 

ശ്രീമൂലം പ്രജാസഭയിൽ ഉയർന്ന അയ്യാൻകാളിയുടെ ശബ്ദം കേരത്തിലെ നവോത്ഥാന ചരിത്രത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളും ചെറുതല്ല.  അധഃസ്ഥിത സമൂഹം നേരിടുന്ന  പ്രശ്‌നങ്ങൾ  സഭയിൽ അവതരിപ്പിക്കാനും ലക്ഷ്യം കാണാനും  അയ്യൻകാളിക്കു കഴിഞ്ഞു. പ്രധാനമായും ഭൂമിക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾക്കായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. അതിന്റെ ഫലമായി പലയിടത്തും  പുറമ്പോക്ക് ഭൂമി തറവില, തടിവില കൂടാതെ കുടി ഒന്നിന് ഒരേക്കർ വീതം പതിച്ചു കൊടുക്കാൻ ഉത്തരവായി. അധഃസ്ഥിത വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസപരമായി മുന്നോട്ടു പോകുന്നതിനുള്ള തടസ്സങ്ങൾ മാറ്റുന്നതിനായും അദ്ദേഹത്തിന്റെ ശബ്ദം സഭയിൽ ഉയർന്നു. സർക്കാരിൽ നിന്നും അനുകൂലമായ നിരവധി ഉത്തരവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും സാമൂഹികമായ എതിർപ്പുകൾ സവർണരിൽ നിന്ന് ഏറെ നേരിട്ടു. ആ പ്രശ്‌നങ്ങൾ അയ്യൻകാളി നിരന്തരം സഭയിൽ ഉന്നയിച്ചു.  വിദ്യാഭ്യാസത്തോടൊപ്പം തന്നെ അവർക്ക് ജോലി ഉറപ്പിക്കുന്നതിനും ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിനും വേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. അങ്ങനെ പലർക്കും  സർക്കാർ സർവീസിൽ ജോലി ലഭിച്ചു. അത്തരത്തിൽ ഏറെക്കാലം തെരുവിലെ പ്രക്ഷോഭങ്ങളിലൂടെയും ഏറെക്കാലം പ്രജാസഭയിലെ പോരാട്ടങ്ങളിലൂടെയും അയ്യൻകാളി നടത്തിയ പോരാട്ടങ്ങളാണ് കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ചവിട്ടുപടിയായത് എന്നതിൽ ഒരാൾക്കും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല.

എന്നാൽ തലമുറകളായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരുന്ന വിഭാഗങ്ങൾ മുഖ്യധാരയിലെത്തുന്നതും സമൂഹം മൊത്തത്തിൽ ആധുനികവൽക്കരിക്കപ്പെടുന്നതും അംഗീകരിക്കാൻ തയാറാകാത്ത നിരവധി പേർ ഇപ്പോഴും നമുക്കു ചുറ്റുമുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സമൂഹത്തെ പിറകോട്ടുവലിക്കലണ് അവരുടെ ലക്ഷ്യം. സവർണ മൂല്യങ്ങളാണവരെ നയിക്കുന്നത്. അതേസമയം അയ്യൻകാളിയെ അപമാനിച്ചതിനെതിരെ നിരവധി ദളിത്, പിന്നോക്ക സംഘടനകളുും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ മുന്നോട്ടു വന്നിട്ടുണ്ടെന്നത് സ്വാഗതാർഹമാണ്. നിരവധി പരാതികൾ അധികൃതർക്കു മുന്നിൽ എത്തിയിട്ടുണ്ട്. പട്ടികജാതി വകുപ്പുമന്ത്രി കെ. രാധാകൃഷ്ണനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ കാര്യമായ അന്വേഷണമൊന്നും നടക്കുന്നതായി വിവരമില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നു തന്നെ കരുതാം. എന്തായാലും എത്രയോ കാലം മുമ്പ് അയ്യൻകാളിയടക്കമുള്ളവർ നവീകരിക്കാൻ ശ്രമിച്ചിട്ടും ഇപ്പോഴും പ്രാകൃതാവസ്ഥയിൽ നിന്നു മുക്തമായിട്ടില്ലാത്ത ഒന്നാണ് കേരളീയ സമൂഹം എന്നാണ് ഈ സംഭവവും വ്യക്തമാക്കുന്നത്. 

 

Latest News