Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് കരട് തയാറായെന്ന് പ്രത്യേക സമിതി

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന എക സിവില്‍ കോഡിന്റെ കരട് തയാറായതായി ഇതിനായി ചുമതലപ്പെടുത്തിയ സമിതി അറിയിച്ചു. സംസ്ഥാനത്ത് എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കരട് ബില്‍ തയറായതായും  ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട സമിതി അറിയിച്ചിരിക്കുന്നത്.ബില്‍ രാജ്യത്തിന്റെ മതേതര ഘടനയെ ശക്തിപ്പെടുത്തുന്നതാണെന്നും കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി പറയുന്നു.

വിവിധ മതങ്ങളിലെ വിവാഹ നിയമങ്ങള്‍, നിലവിലുള്ള വ്യക്തിനിയമങ്ങള്‍, ലോ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍, ഇതുവരെ ക്രോഡീകരിക്കാത്ത വിഷയങ്ങള്‍ എന്നിവയെല്ലാം പഠിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമിതിയുടെ ചെയര്‍പെഴ്‌സണ്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി പറഞ്ഞു. കരട് ബില്‍ അച്ചടിച്ചു വരികയാണെന്നും ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറുമെന്നും ബില്‍ ഈ രാജ്യത്തിന്റെ മതേതര ഘടനയെ ശക്തിപ്പെടുത്തുമെന്നും രഞ്ജന ദേശായി പറഞ്ഞു.
സമിതിക്ക് വന്‍ പിന്തുണയാണ് ലഭിച്ചതെന്നും ചില എതിര്‍പ്പുകള്‍ മാത്രമാണ്  ലഭിച്ചതെന്നും പറഞ്ഞ അവര്‍ എല്ലാ കാര്യങ്ങളിലും പാനലിലെ അംഗങ്ങള്‍ ഏകകണ്ഠമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 2.3 ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും 20,000ത്തിലധികം ആളുകളെ കണ്ടതായും അവര്‍ പറഞ്ഞു.  രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയും വിവിധ മതങ്ങളില്‍ നിന്നുള്ള നേതാക്കളെയും കണ്ടതായി  പാനല്‍ അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) ഉടന്‍ നടപ്പാക്കാന്‍ പോകുന്നു, നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് മുഖ്യമന്ത്രി ധമി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

 

Latest News