കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്, ഓടുന്നതിനിടയില്‍ വയോധികന് വീണ് പരിക്കേറ്റു

ഫയല്‍ ചിത്രം

കൊച്ചി -  പെരുമ്പാവൂര്‍ വേങ്ങൂര്‍ മേക്കപ്പാലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓടുന്നതിനിടയില്‍ വയോധികന് വീണ് പരിക്കേറ്റു. മേക്കപ്പാല ഫോറസ്റ്റ് ഓഫീസില്‍ വാച്ചറായിരുന്ന കൊടവത്തൊട്ടി വീട്ടില്‍ രാഘവനാണ് (66) പരിക്കേറ്റത്  വാരിയെല്ല് പൊട്ടിയ നിലയില്‍ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന രാഘവനും മറ്റൊരാള്‍ക്കും നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെ ആറുമണിക്ക് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുള്ള റോഡിലൂടെ നടക്കുമ്പോള്‍ പാണംകുഴി വന മേഖലയോട് ചേര്‍ന്നാണ് സംഭവം. രാഘവന്റെ  കൂടെയുണ്ടായിരുന്ന എല്‍ദോസ് ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. മരത്തിന് പിറകില്‍ തുമ്പിക്കൈ ഉയര്‍ത്തി ഇരുവരെയും ആക്രമിക്കാനാണ് ആന ശ്രമിച്ചത്. ആന ചിഹ്നം വിളിച്ചെത്തിയതോടെ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ രാഘവന്‍ വീണ് പോവുകയായിരുന്നു. രാഘന്റെ വലതു വശത്തെ വാരിയെല്ലുകള്‍ക്കാണ് പൊട്ടലുള്ളത്. നിലത്ത് വീണു പോയ  രാഘവനെ അധികം ഉപദ്രവിക്കാതെ കാട്ടാന പോയതുകൊണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയത്.

Latest News