ലൈംഗികമായി വഴങ്ങാന്‍ സമ്മര്‍ദം; എം.എല്‍.എക്കെതിരെ പരാതി ഉന്നയിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ്- ലൈംഗികമായി വഴങ്ങാത്തതിന് ഭരണകക്ഷിയായ ബിആര്‍എസ് പാര്‍ട്ടിയിലെ എംഎല്‍എ തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം യുവതിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ജൂബിലി ഹില്‍സിലെ ഫുട്പാത്തില്‍ അബോധാവസ്ഥയിലാണ് യുവതിയെ കണ്ടെത്തിയത്.
യുവതി  അപകടനില തരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ലൈംഗികമായി വഴങ്ങാത്തതിന് എംഎല്‍എ പീഡിപ്പിക്കുകയാണന്ന് ചൂണ്ടിക്കാട്ടി നേരത്തെ പോലീസിലും മറ്റും പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് യുവതി എഴുതിയതെന്ന് കരുതുന്ന കത്ത്  ഹാന്‍ഡ്ബാഗില്‍  കണ്ടെത്തി.നിയമസഭാംഗത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഡയറിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചിരുന്നു.
എംഎല്‍എക്കെതിരെ ആരോപണവുമായി ദേശീയ വനിതാ കമ്മീഷനെയും (എന്‍സിഡബ്ല്യു) സമീപിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News