ബാങ്കോക്ക്- വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയില്‍ കുടുങ്ങിയ വനിതാ ടൂറിസ്റ്റിന്റെ കാല്‍ മുറിച്ചുമാറ്റി. 57 വയസ്സായ തായ് യാത്രക്കാരി തെക്കന്‍ നഖോണ്‍ സി തമ്മാരത്ത് പ്രവിശ്യയിലേക്കുള്ള വിമാനം കയറാന്‍ ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടിലേക്ക് പോകമ്പോഴാണ് വിചിത്രമായ അപകടം.
ഇടതു കാല്‍ ട്രാവലേറ്ററിന്റെ അറ്റത്തുള്ള മെക്കാനിസത്തിലാണ് കുടുങ്ങിയത്. കണ്‍മുന്നില്‍ ഇവരുടെ പേശികളും എല്ലുകളും യന്ത്രത്തില്‍ കുടുങ്ങി മുറിഞ്ഞപ്പോള്‍ പരിഭ്രാന്തരായ മറ്റു യാത്രക്കാര്‍ എമര്‍ജന്‍സി സ്വിച്ച് തേടി പരക്കംപാഞ്ഞു.
എയര്‍പോര്‍ട്ടിലുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന് യാത്രക്കാരിയുടെ ഇടതു കാല്‍ മുട്ടിനു മുകളില്‍ മുറിക്കേണ്ടി വന്നുവെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തര ചികില്‍സയ്ക്കായി തലസ്ഥാനത്തെ ഭൂമിബോല്‍ അതുല്യദേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യം കരുണ്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കാല്‍ വീണ്ടും തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കൂടുതല്‍ സാധ്യത വിലയിരുത്താന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ യാത്രക്കാരി ആവശ്യപ്പെട്ടത്.
അപകട കാരണം കണ്ടെത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാരിയുടെ സ്യൂട്ട്‌കേസിന്റെ രണ്ട് ചക്രങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ചലിക്കുന്ന നടപ്പാത അവസാനിക്കുന്ന ബെല്‍റ്റിന്റെ അറ്റത്ത് മഞ്ഞ ചീര്‍പ്പ് പോലുള്ള പ്ലേറ്റുകള്‍ പൊട്ടിയതായും കാണപ്പെട്ടു. എന്‍ജിനീയറിങ് സംഘം പരിശോധന നടത്തുന്നതിനാല്‍ ട്രാവലേറ്റര്‍ ഓട്ടോമാറ്റിക് നടപ്പാത അടച്ചു. ഡോണ്‍ മുവാങ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ചികിത്സയുടെ തുടര്‍നടപടികള്‍ക്കായി രോഗിയെ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.






