Sorry, you need to enable JavaScript to visit this website.

അൻവർ പോരാട്ടം ശക്തമാക്കിയിട്ടും ഷാജൻ സ്‌കറിയ പുറത്തുതന്നെ

തിരുവനന്തപുരം- കോടതി ഉത്തരവുണ്ടായിട്ടും മറുനാടൻ മലയാളി മേധാവി ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാനാകാതെ കേരള പോലീസ്. കേരള ഹൈക്കോടതി അടക്കം ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നതിന് കേരള പോലീസിന് ഒരു നിയമതടസവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹത്തെ ഇതേവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ഷാജൻ സ്‌കറിയ ഉള്ള സ്ഥലം പോലും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഷാജൻ സ്‌കറിയക്ക് എതിരായ കോടതി വിധി വന്നു ഏകദേശം രണ്ടാഴ്ച ആയിട്ടും ഇതാണ് അവസ്ഥ. ഭരണപക്ഷത്തുള്ള പി.വി അൻവർ, ശ്രീനിജൻ എന്നീ എം.എൽ.എമാർ അടക്കം ഷാജൻ സ്‌കറിയക്ക് എതിരെ രംഗത്തുവന്നിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ല. 
ഷാജൻ സ്‌കറിയക്ക് എതിരെ തുറന്ന പോരാട്ടമാണ് നിലമ്പൂരിൽനിന്നുള്ള ഇടതുപക്ഷത്തിന്റെ എം.എൽ.എ പി.വി അൻവർ നടത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജൻ സ്‌കറിയക്ക് എതിരെയാണ് പി.വി അൻവർ നിലയുറപ്പിച്ചത്. ദിവസവും നിരവധി ഫെയ്‌സ്ബുക്ക്് കുറിപ്പുകളാണ് ഷാജൻ സ്‌കറിയക്ക് എതിരെ അൻവർ ഷെയർ ചെയ്യുന്നത്. ഷാജൻ സ്‌കറിയയെ അനുകൂലിക്കുന്നവവർക്ക് നേരെയും അൻവർ വൻ പ്രതിഷേധം പുറത്തെടുക്കുന്നുണ്ട്. എന്നാൽ ഷാജനെ അറസ്റ്റ് ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും ഷാജൻ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്നും കോടതി വരെ വ്യക്തമാക്കിയിട്ടും ഇദ്ദേഹത്തെ പിടികൂടാൻ പോലീസിന് സാധിക്കുന്നില്ല. ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലാണ് ഷാജന്റെ അറസ്റ്റ് തടയുന്നത് എന്നാണ് സൂചന. ബി.ജെ.പി നേതൃത്വവുമായി ഷാജൻ സ്‌കറിയക്ക് അടുത്ത ബന്ധമുണ്ട്. ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ ഷാജൻ സ്‌കറിയക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള ബന്ധമാണ് ഷാജനെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് കേരള പോലീസിനെ തടയുന്നത് എന്നാണ് സൂചന. അതേസമയം, ഷാജൻ സ്‌കറിയയുടെ അറസ്റ്റ് വൈകുന്നതിൽ ഇടതുപ്രവർത്തകർ തന്നെ പരസ്യമായ പ്രതിഷേധം പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്.
 

Latest News