Sorry, you need to enable JavaScript to visit this website.

'പുതുപ്പെണ്ണ് കരഞ്ഞ് വീട്ടിൽ കയറണം'; വിവാഹ വീട്ടിലെ 'തലമുട്ടിക്കൽ' സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു

പാലക്കാട് - വിവാഹച്ചടങ്ങിനിടെ ആചാരത്തിന്റെ ഭാഗമെന്നോണം മനപ്പൂർവ്വം വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പോലീസിന് വനിതാ കമ്മിഷൻ നിർദേശം നൽകി. 
 ജൂൺ 25ന് നടന്ന വിവാഹത്തിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് നടപടി. പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശി സജ്‌ലയുടെയും വിവാഹച്ചടങ്ങിലാണ് വധുവിന്റെ തലമുട്ടിച്ച് വേദനിപ്പിച്ച വിചിത്ര സംഭവമുണ്ടായത്. 
 വരൻ സച്ചിന്റെ വീട്ടിലേക്ക് കൊണ്ടുവന്ന വധു സജ്‌ല അകത്തേയ്ക്ക് കയറുന്നതിന് മുമ്പായി പിന്നിൽ നിന്നയാൾ വധു-വരന്മാരുടെ തല ശക്തമായി മുട്ടിക്കുകയായിരുന്നു. തുടർന്ന് തല നന്നായി വേദനിച്ച സജ്‌ല കരഞ്ഞ് വീടിനകത്തേയ്ക്ക് കയറുകയായിരുന്നു. ഒരു ആചാരത്തിന്റെ ഭാഗമായാണ് ഇത്തരം 'തലമുട്ടിക്കൽ' എന്നാണ് പറയുന്നത്. വീട്ടിലേക്ക് ആദ്യമായി കടന്നുവരുന്ന വധു കരഞ്ഞുകൊണ്ട് വീടിന്റെ പടി കയറണമെന്നും അതാണ് വീടിന്റെ ഐശ്വര്യമെന്നും വിശ്വാസമുണ്ടെന്നാണ് പറയുന്നത്. ഇതിനെതിരേ വ്യാപക വിമർശമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. പുതുപ്പെണ്ണ് കരഞ്ഞുകൊണ്ട് വീട്ടിൽ കയറണമെന്നത് ശുദ്ധ പോക്രിത്തരമാണെന്നും ഇത്തരം പ്രൃകൃത ഇടപെടലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ആവശ്യം.

Latest News