വീണ്ടും ട്രെയിനിന്റെ ശുചിമുറി പൂട്ടി യാത്രക്കാരന്‍ അകത്തിരുന്നു, പൂട്ട് പൊളിച്ച് പുറത്തിറക്കി

കോട്ടയം - വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ ശബരി എക്‌സ്പ്രസിലും ട്രെയിനിന്റെ ശുചിമുറി പൂട്ടി  യാത്രക്കാരന്‍ അകത്തിരുന്നു. ചെങ്ങന്നൂരില്‍ നിന്നും ട്രെയിനില്‍ കയറിയ ആളാണ് ശുചിമുറിയില്‍ കയറി അടച്ചിരിന്നത്. റെയില്‍വേ പോലീസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാള്‍ പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൂട്ട് പൊളിച്ചാണ് പൊലീസ് ഇയാളെ പുറത്തിറക്കിയത്. സംസാരശേഷിയില്ലാത്തയാളാണ് ട്രെയിനിലെ ശുചിമുറിയില്‍ കയറിയിരുന്നതെന്നും ഇയാളെ വിട്ടയച്ചതായും റെയില്‍വേ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്‌സ്പ്രസിലും സമാനമായ രീതിയില്‍ പരിഭ്രാന്തി പരത്തി ശുചിമുറി അടച്ച് യുവാവ് മണിക്കൂറുകളോളം അകത്തിരുന്നിരുന്നു. അന്നും വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ യുവാവ് കാസര്‍ഗോഡ് നിന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്. ഒടുവില്‍ ഷൊര്‍ണ്ണൂര്‍ എത്തിയപ്പോഴാണ് ഇയാളെ പൂട്ട് പൊളിച്ച് പുറത്തിറക്കിയത്.

 

Latest News