Sorry, you need to enable JavaScript to visit this website.

രക്ഷിതാക്കളുടെ മേൽനോട്ടം; കൂടുതൽ ഫീച്ചറുകളുമായി മെറ്റാ

  •  ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, മെസഞ്ചർ എന്നിവയിൽ കൂടുതൽ ഫീച്ചറുകൾ 

കുടുംബങ്ങളെയും കൗമാരക്കാരെയും പിന്തുണക്കുന്നതിനും ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, മെസഞ്ചർ തുടങ്ങിയ ആപ്പുകളിൽ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനുമായി മെറ്റാ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു.
മെസഞ്ചറിലേക്ക് കൂടി രക്ഷാകർതൃ മേൽനോട്ടം കൊണ്ടുവരികയാണെന്ന് കമ്പനി അറിയിച്ചു. കൗമാരക്കാർ എങ്ങനെ സമയം ചെലവഴിക്കുന്നുവെന്നും അവർ ആരുമായി മെസഞ്ചറിൽ ഇടപഴകുന്നുവെന്നും മാതാപിതാക്കൾക്ക് കാണാനാകും.
 ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജ്, മെസഞ്ചർ എന്നിവയിലെ അനാവശ്യ ഇടപെടലുകൾ പരിമിതപ്പെടുത്തുന്നതിനുള്ള പുതിയ ടൂളുകളും  അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ആഗോളതലത്തിൽ ഇൻസ്റ്റഗ്രാമിൽ ക്വയറ്റ് മോഡാണ് ആരംഭിക്കുന്നത്. ഫെയ്‌സ്ബുക്കിൽ സമയ പരിധി നിശ്ചയിക്കാൻ കൗമാരക്കാർക്ക് സാധിക്കും. ഇൻസ്റ്റഗ്രാമിൽ  കൗമാരക്കാരെ മേൽനോട്ടം വഹിക്കാൻ രക്ഷിതാക്കൾക്ക് കൂടുതൽ വഴികൾ നൽകുമെന്നും കമ്പനി പറഞ്ഞു. മെസഞ്ചറിലെ രക്ഷാകർതൃ മേൽനോട്ടം യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. 
കൗമാരക്കാർ എങ്ങനെയാണ് മെസഞ്ചർ ഉപയോഗിക്കുന്നത്, അവർ സന്ദേശമയക്കാനും സ്വീകരിക്കാനും എത്ര സമയം ചെലവഴിക്കുന്നു ഏത് മുതൽ കൗമാരക്കാരുടെ സന്ദേശ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതുവരെ കാണാൻ മാതാപിതാക്കളെ അനുവദിക്കുന്നതാണ് പുതിയ ടൂളുകൾ. അതേസമയം, ഈ ടൂളുകൾ വഴി മാതാപിതാക്കളെ കൗമാരക്കാരുടെ സന്ദേശങ്ങൾ വായിക്കാൻ അനുവദിക്കില്ലെന്നും സോഷ്യൽ നെറ്റ് വർക്ക് വ്യക്തമാക്കി.  


മെസഞ്ചറിലെ രക്ഷാകർതൃ മേൽനോട്ടത്തിലേക്ക് അടുത്ത വർഷം കമ്പനി കൂടുതൽ ഫീച്ചറുകൾ ചേർക്കും. ഇതിലൂടെ കൗമാരക്കാരുടെ  സമയവും ഇടപെടലുകളും നന്നായി കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾക്ക് സഹായിക്കാനാകും.
ഇൻസ്റ്റാഗ്രാം മെസേജിൽ തങ്ങളെ പിന്തുടരാത്ത ഒരാൾക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് കണക്റ്റ് ചെയ്യാനുള്ള അനുമതി ലഭിക്കുതിന് ഉപയോക്താക്കൾ ക്ഷണം അയക്കണം. ആളുകൾക്ക് ഒരു സമയം ഒരു ക്ഷണം മാത്രമേ അയക്കാനാകൂ, സ്വീകർത്താവ് കണക്റ്റുചെയ്യാനുള്ള ക്ഷണം സ്വീകരിക്കുന്നതുവരെ കൂടുതൽ അയക്കാനാവില്ല.
 ഈ സന്ദേശ അഭ്യർഥന ക്ഷണങ്ങൾ ടെക്‌സ്റ്റിലേക്ക് മാത്രം പരിമിതപ്പെടുത്തുമെന്നും അതിനാൽ സ്വീകർത്താവ് ചാറ്റിനുള്ള ക്ഷണം സ്വീകരിക്കുന്നത് വരെ ആളുകൾക്ക് ഫേട്ടോകളോ വീഡിയോകളോ വോയ്‌സ് സന്ദേശങ്ങളോ അയയ്ക്കാനോ കോളുകൾ ചെയ്യാനോ കഴിയില്ലെന്നും മെറ്റാ പറഞ്ഞു.
കൗമാരക്കാർ ഫെയ്‌സ്ബുക്കിൽ 20 മിനിറ്റ് ചിലവഴിക്കുമ്പോൾ ഒരു അറിയിപ്പ് കാണും. പ്രതിദിന സമയ പരിധികൾ സജ്ജീകരിക്കാൻ ഇത് അവരെ പ്രേരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. 
കൗമാരക്കാർ രാത്രിയിൽ റീലുകൾ സ്‌ക്രോൾ ചെയ്യുകയാണെങ്കിൽ ആപ്പ് അടയ്ക്കാൻ നിർദ്ദേശിക്കുന്ന ഒരു പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ പരീക്ഷിക്കുന്നുണ്ടെന്നും മെറ്റാ കൂട്ടിച്ചേർത്തു.
ജനുവരിയിൽ, കമ്പനി ഇൻസ്റ്റാഗ്രാമിൽ ക്വയറ്റ് മോഡ് അവതരിപ്പിച്ചിരുന്നു. സുഹൃത്തുക്കളുമായും അനുയായികളുമായും അതിരുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഫീച്ചറാണിത്. അടുത്ത ആഴ്ചകളിൽ ആഗോളതലത്തിൽ ഇൻസ്റ്റാഗാമിൽ എല്ലാവർക്കും ക്വയറ്റ് മോഡ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

Latest News