ചരിത്രത്തെ ഭയപ്പെടുന്നവർ

 

നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേര് മാറ്റാനുള്ള ദുഷ്‌കരമായ ശ്രമം ജവഹർലാൽ നെഹ്‌റുവിന്റെ വ്യക്തിത്വത്തെ ഇകഴ്ത്താൻ സാധിക്കുമെന്നത് അവരുടെ മൂഢമായ സ്വപ്നമാണ്. ജനാധിപത്യത്തിന്റെ നിർഭയ കാവൽക്കാരനായിരുന്നു നെഹ്‌റുജി. കേന്ദ്രം ഭരിക്കുന്നവരുടെ താഴ്ന്ന മാനസികാവസ്ഥയും സോച്ഛാധിപത്യ മനോഭാവവുമാണ് എന്നതാണ്  ഇപ്പോഴത്തെ നീക്കം കൊണ്ട് മനസ്സിലാക്കാവുന്നത്.  അതുകൊണ്ടു തന്നെ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിന്റെ ശിൽപിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും അവർ എന്തും ചെയ്യും. 

 

ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർ ചരിത്രത്തെയും ചരിത്ര  പുരുഷന്മാരെയും ചരിത്ര സ്മാരകങ്ങളെയും ഭയപ്പെടുന്നു. അതുകൊണ്ടു തന്നെ അത്തരം  ഓർമകളെ ഇല്ലാതാക്കാനുള്ള തീവ്രശ്രമത്തിലാണ് അവർ. അതിന്റെ ഭാഗമായിട്ടുള്ളതാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വസതിയും ഓഫീസും ആയിരുന്ന തീൻ മൂർത്തി ഭവനിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് മാറ്റിയിരിക്കുന്നത്. നെഹ്‌റു സ്മാരകം ഇനി മുതൽ പ്രൈംമിനിസ്റ്റ്രസ്  മ്യൂസിയം ആന്റ് ലൈബ്രറി  എന്നാക്കി മാറ്റിയിരിക്കുകയാണ്.  
എന്നാൽ ചരിത്രത്തെയും വ്യക്തികളെയും എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അവരുടെ സ്മരണകൾ, അവർ  ചെയ്ത പ്രവൃത്തികൾ തുടങ്ങിയവ  ജനമനസ്സുകളിൽ ആഴ്ന്നിറങ്ങാനേ ഇത്തരം പ്രവൃത്തികൾ കാരണമാകൂ.  ഒരിക്കൽ മഹാനായ സി.എച്ച് മുഹമ്മദ് കോയയുടെ അടുത്ത് അണികൾ ഒരു പരാതിയുമായി ചെന്നു. അന്ന് ലീഗിൽനിന്ന് ഒരു വിഭാഗം വിമതരായി നിന്ന സന്ദർഭം. വിമത വിഭാഗത്തിലെ ഒരു വ്യക്തി മൈക്ക് കെട്ടി മഹാനായ സി.എച്ചിനെ ചീത്ത വിളിക്കുന്നു. ഇത് കേട്ട് സഹിക്കാൻ കഴിയാത്ത സി.എച്ചിന്റെ അണികൾ അതിന് മറുപടി നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മഹാനായ സി.എച്ചിന്റെ അടുത്തെത്തിയത്. അതിന് സി.എച്ച് കൊടുത്ത മറുപടി, അവൻ വിമർശിച്ചോട്ടെ, അവൻ എത്രമാത്രം എന്റെ പേര് പറഞ്ഞ് വിമർശിക്കുന്നുവോ, അത്രയും ഞാൻ ജനമനസ്സുകളിൽ സ്ഥാനം പിടിക്കുകയേ ഉള്ളൂ.  സത്യത്തിൽ ഇതാണ് ഇവിടെ സംഭവിക്കുക. നെഹ്‌റുജിയെ അല്ലെങ്കിൽ ചരിത്ര പുരുഷന്മാരെ എത്രമാത്രം വിസ്മരിക്കാൻ വേണ്ടി ശ്രമം  നടത്തുന്നുവോ, അത്രതന്നെ ആ വ്യക്തികൾ അല്ലെങ്കിൽ ആ സ്മാരകങ്ങൾ ജനങ്ങൾ ചർച്ച ചെയ്യുകയും പൗരന്മാർ അവരെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും എന്നതാണ് വാസ്തവം.
   88  ഏക്കറിൽ വിശാലമായ പൂന്തോട്ടവും പുൽമേടും സ്ഥിതി ചെയ്യുന്ന ആനന്ദ ഭവൻ എന്ന് വിളിക്കുന്ന ആ കൊട്ടാരസദൃശ്യമായ ഭവനത്തിലാണ് ജവഹർ ലാൽ നെഹ്‌റുവിന്റെ അന്ത്യവും ഇന്ദിരാ ഗാന്ധിയുടെ   ജനനവും നടന്നത്. ആധുനിക ഇന്ത്യയുടെ ശില്പി  എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ജവഹർലാൽ നെഹ്‌റു. ആ വിശേഷണം ഒന്ന് കൊണ്ട് തന്നെയാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർക്ക് നെഹ്‌റുവിനെ ചരിത്രത്തിൽ നിന്ന് എടുത്തെറിയാൻ കാരണമായി തീർന്നിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്, രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥ കർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച നെഹ്‌റു രാജ്യാന്തര തലത്തിൽ  ചേരി ചേരാ നയം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം  ലഭിച്ച 1947  മുതൽ 1964  ൽ മരണം വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നെഹ്‌റുവിന്റെ സോഷ്യലിസ്റ്റിലൂന്നിയ രാഷ്ട്രീയ ദർശനങ്ങളാണ് നാല് പതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. 
   അഭിഭാഷക വൃത്തിയിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അനുഗ്രഹത്തോടെ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നെഹ്‌റു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറുകയായിരുന്നു. ബ്രിട്ടനിൽ നിന്നും ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ തയ്യാറായ വ്യക്തിയാണ് നെഹ്‌റു. 1929  ലെ പുതുവത്സരത്തലേന്ന് ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടാണ് അവിടെ കൂടിയിരുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു ആവശ്യപ്പെട്ടത്, 'ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം' സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്ന് നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്‌റുവുമാണ്. ചരിത്രത്തിൽ ഈ വസ്തുത തുറന്ന പുസ്തകമായി നിലനിൽക്കെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തൂണും ചാരി നിന്നവർക്ക് ഇത്തരം ചരിത്ര സത്യങ്ങൾ മൂടി വെക്കാൻ തോന്നുക സ്വാഭാവികം മാത്രം. 
   നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഒരു വൻ രാഷ്ട്രീയ പാർട്ടിയായി മാറിയ കോൺഗ്രസ്സ് തുടർച്ചയായി മൂന്ന് പൊതു തിരഞ്ഞെടുപ്പുകളിൽ വിജയം കൈവരിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്‌ളീഷ് ഭാഷയുടെ വ്യാപകമായ പ്രചാരണം തുടങ്ങിയ നെഹ്‌റുവിന്റെ ദീർഘ വീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിൻറെ ഭരണകാലത്ത് കാണാമായിരുന്നു.   നെഹ്‌റു പതിനാറ് വർഷം താമസിച്ച ചരിത്ര പ്രസിദ്ധമായ തീൻമൂർത്തി ഭവനിൽ നെഹ്‌റു മുതൽ മോഡി വരെയുള്ള പ്രധാനമന്ത്രിമാരുടെ  ജീവിതം പറയുന്ന പ്രധാനമന്ത്രി സംഗ്രാലയ തുറന്ന് പ്രവർത്തിച്ചിരിക്കുകയാണ്.  നെഹ്‌റുവിനോട് ശത്രുത വെച്ച് പുലർത്തുന്ന ഭരണകൂടം ഭാവിയിൽ നെഹ്‌റു സ്മരണകൾ ഉൾകൊള്ളുന്ന രേഖകൾ ഇല്ലാതാക്കുമോ എന്ന് ഭയപ്പെടുകയാണ്. ഇപ്പോഴത്തെ പേര് മാറ്റം കേന്ദ്രത്തിന്റെ അല്പത്തരവും പ്രതികാരവുമാണ്. കെട്ടിടത്തിന്റെ പേര് മാറ്റിയാലൊന്നും മഹദ് പാരമ്പര്യങ്ങൾ ഇല്ലാതാവില്ല. അത് കേന്ദ്ര ഭരണകൂടത്തിനും അറിയാം. അതുകൊണ്ട് തന്നെ തീൻ മൂർത്തി ഭവനിലുള്ള ചരിത്ര രേഖകൾ ഇല്ലാതാക്കുമോ എന്ന് ഭയപ്പെടുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂട്ടായ യാത്രയെ ചിത്രീകരിക്കുകയും സംഭാവന ഉയർത്തി കാട്ടുകയും ചെയ്യുന്ന മ്യൂസിയം കൂടി ഉള്ളതിനാലാണ് ഇപ്പോഴത്തെ പെരുമാറ്റത്തിന്റെ ഉദ്ദേശ്യമെന്നാണ് ഭരണകർത്താക്കളുടെ ന്യായം. അതുതന്നെയാണ് നമ്മുടെ ഭയവും. സ്വാതന്ത്ര്യ സമരകാലത്ത് അധിനിവേശക്കാർക്ക് ഒത്താശ ചെയ്യുകയും ഇന്ത്യയുടെ പുരോഗതിക്കായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്തവരെ ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാക്കി തീർക്കാനുള്ള അടവാണ്  ഈ പേര് മാറ്റത്തിന് പിന്നിൽ.    
   1964  ൽ നെഹ്‌റു മരിക്കുന്നതു വരെ 16  വർഷത്തോളം തീൻമൂർത്തി ഭവനായിരുന്നു അദ്ദേഹത്തിന്റെ  വസതി. നെഹ്‌റുവിന്റെ 75  ആം ജന്മദിനത്തിൽ അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണനാണ് തീൻ മൂർത്തി ഭവൻ രാജ്യത്തിന് സമർപ്പിച്ചതും നെഹ്‌റു സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്തതും. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ വക വെക്കാതെയാണ് ഇപ്പോൾ നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി പുതിയ പേര് പ്രഖ്യാപിച്ചത്.
   ഇവിടെ നടക്കുന്നത് സ്വന്തമായി ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ  ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണ്.  നെഹ്‌റുവിന്റെ പേര് അടർത്തി മാറ്റിയാൽ രാജ്യത്തിന് അദ്ദേഹം ചെയ്ത സംഭാവനകൾ ഇല്ലാതാകില്ല. ജനാധിപത്യത്തിന്റെ  കാവൽക്കാരനും  ആധുനിക ഇന്ത്യയുടെ ശില്പിയുമാണ് നെഹ്‌റു. അദ്ദേഹം ചെയ്ത സേവനങ്ങളുടെ അടയാളങ്ങൾ രാജ്യത്ത് എന്നും  ഉയർന്നു നിൽക്കും. കഴിഞ്ഞ 59  വർഷമായി ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടെയും ചരിത്ര രേഖയുടെയും നിധിയുമാണ് നെഹ്‌റു മെമ്മോറിയൽ   മ്യൂസിയവും ലൈബ്രറിയും. അരക്ഷിതാവസ്ഥയുടെ അമിത ഭാരം പേറിയ സ്വയം പ്രഖ്യാപിത ഗുരുവിന് ഇത്തരം ചരിത്രങ്ങൾ മായ്ച്ചു കളയാൻ തോന്നുക സ്വാഭാവികം. നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേര് മാറ്റാനുള്ള ദുഷ്‌കരമായ ശ്രമം ജവഹർലാൽ നെഹ്‌റുവിന്റെ വ്യക്തിത്വത്തെ ഇകഴ്ത്താൻ സാധിക്കുമെന്നത് അവരുടെ മൂഢമായ സ്വപ്നമാണ്. ജനാധിപത്യത്തിന്റെ നിർഭയ കാവൽക്കാരനായിരുന്നു നെഹ്‌റുജി. കേന്ദ്രം ഭരിക്കുന്നവരുടെ താഴ്ന്ന മാനസികാവസ്ഥയും സോച്ഛാധിപത്യ മനോഭാവവുമാണ് എന്നതാണ്  ഇപ്പോഴത്തെ നീക്കം കൊണ്ട് മനസ്സിലാക്കാവുന്നത്.  അതുകൊണ്ടു തന്നെ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിന്റെ ശിൽപിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും അവർ എന്തും ചെയ്യും. 

Latest News