Sorry, you need to enable JavaScript to visit this website.

ഹോണറബിള്‍ ഫാമിലിക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളം; കെ.സുധാകരന്റെ രൂക്ഷ വിമര്‍ശനം

കണ്ണൂര്‍- മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. 'ഹോണറബിള്‍ ഫാമിലി'ക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളമെന്നും ഈ പെരും കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇനിയും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം  

'കേരളത്തിലെ പുതിയ വെളിപ്പെടുത്തല്‍ കണ്ട് ഏറ്റവുമധികം ഞെട്ടിയത് ചലച്ചിത്രകാരന്‍ ശ്രീനിവാസന്‍ ആയിരിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭാവനയില്‍ തെളിഞ്ഞതിനും മുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം അത്ഭുതപ്പെടുന്നുണ്ടാവും!! ദരിദ്ര കുടുംബത്തില്‍ നിന്നും ടൈം സ്‌ക്വയറില്‍ വരെ എത്തി, പാട്ട കസേരയിലിരുത്തി അപമാനിക്കപ്പെട്ട, സഖാവ് ശക്തിധരന്‍ വെളിപ്പെടുത്തിയ ആ ഉന്നത നേതാവ് ആരാണെന്ന് കേരളത്തിന് ഒന്നടങ്കം അറിയാം.  പക്ഷെ ഈ ഗുരുതര ആരോപണം ആര് അന്വേഷിക്കും എന്നതാണ് ചോദ്യം!?

നിരന്തരം അഴിമതികളാണ് സിപിഎമ്മിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് 57000 രൂപ പരമാവധി വില വരുന്ന ലാപ്‌ടോപ്പുകള്‍ ഒന്നിന് 1.48 ലക്ഷം രൂപ കണക്കില്‍ വാങ്ങിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കോടികളുടെ അഴിമതി നടന്ന ലൈഫ് ഭവന പദ്ധതി  ക്ലിഫ് ഹൗസില്‍ വെച്ച് പിണറായി വിജയന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടു എന്ന്  മുഖ്യമന്ത്രിയുടെ  സന്തതസഹചാരിയായിരുന്ന സ്വപ്ന സുരേഷ് മൊഴി കൊടുത്തതും വ്യക്തമായിരിക്കുന്നു. എന്നിട്ടുപോലും പിണറായി വിജയനെ ചോദ്യംചെയ്യാനോ പ്രതി ചേര്‍ക്കാനോ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്ന കാര്യം രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യണം.

എല്ലാ അഴിമതികളിലും അന്വേഷണത്തിനായി കോടതികളിലേക്ക് ഓടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ അഴിമതികളും മുഖ്യമന്ത്രിയിലും കുടുംബത്തിലും ചെന്ന് നില്‍ക്കുന്ന രാഷ്ട്രീയ ഗതികേടും സിപിഎമ്മിന് വന്നിരിക്കുന്നു. കൈതോല പായയില്‍ രണ്ടുകോടി കടത്തി എന്ന ആരോപണത്തെ ന്യായീകരണങ്ങള്‍ ചമച്ച് ഒതുക്കാന്‍ കഴിയുകയില്ല. ആര്‍ജ്ജവം ഉണ്ടെങ്കില്‍ സുതാര്യമായ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ അടിമയല്ലാതെ സിപിഎമ്മില്‍ ആവേശഷിക്കുന്നവര്‍ അതിന് വേണ്ടി ശബ്ദമുയര്‍ത്തണം.

'ഹോണറബിള്‍  ഫാമിലി'ക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളം. ഈ പെരും കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇനിയും ശക്തമായി പ്രതികരിക്കും. പോലീസും കേസും കാണിച്ച് പ്രതിപക്ഷത്തിന്റെ വാ അടപ്പിക്കാമെന്ന് ഒരു പിണറായി വിജയനും വിചാരിക്കേണ്ട.

 

Latest News