ഭോപാൽ- മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ശൈശവ വിവാഹത്തിനും മനുഷ്യക്കടത്തിനും പ്രേരിപ്പിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജൂൺ 27 ന് ഭോപ്പാലിനടുത്തുള്ള ഗുനാഗ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് 12 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ 27 കാരനുമായി വിവാഹം ചെയ്തത്. വിവാഹം വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മാതാപിതാക്കൾ 40,000 രൂപയ്ക്ക് പെൺകുട്ടിയെ വിറ്റ് 20,000 രൂപ അഡ്വാൻസ് കൈപ്പറ്റിയതായും ബാക്കി തുക വിവാഹശേഷം അവർക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു.
ഗുനാഗ പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ശൈശവ വിവാഹത്തെക്കുറിച്ച് വനിതാ ശിശുവികസന വകുപ്പിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവത്തിൽ ഇടപെട്ടത്. അന്വേഷണത്തിൽ പെൺകുട്ടിക്ക് 12 വയസ്സും അവൾ വിവാഹം കഴിക്കുന്നയാൾക്ക് 27 വയസ്സും ആണെന്ന് കണ്ടെത്തി.
40,000 രൂപയ്ക്ക് മാതാപിതാക്കൾ തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും അവർ തന്റെ പ്രതിഷേധം തള്ളിക്കളഞ്ഞതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഈ പ്രതികളെല്ലാം അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബ്രോക്കർമാരായി പ്രവർത്തിച്ചവർക്കെതിരെയും കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.






