Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനേഴുകാരനെ പോലീസ് വെടിവെച്ചുകൊന്നു, ഫ്രാന്‍സ് കത്തുന്നു 

പാരീസ്- ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടിതടഞ്ഞ് പതിനേഴുകാരനായ ഡ്രൈവറെ ട്രാഫിക് പോലീസ് വെടിവെച്ചുകൊന്നതില്‍ ഫ്രാന്‍സിലെങ്ങും പ്രതിഷേധം. അല്‍ജീരിയന്‍ വംശജനായ നയേല്‍ എം ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തു.
വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് നുണപറയുകകൂടിചെയ്തതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ, നടന്‍ ഒമര്‍ സൈ തുടങ്ങി ഒട്ടേറെപ്പേര്‍ പോലീസിനെതിരേ രംഗത്തെത്തി. പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചരാത്രി നാല്‍പ്പതോളം കാറുകള്‍ കത്തിച്ചു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റു. 31 പേരെ അറസ്റ്റുചെയ്തെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മനിന്‍ പറഞ്ഞു.
പ്രദേശികസമയം ചൊവ്വാഴ്ച പകല്‍ എട്ടരയ്ക്കാണ് രണ്ട് ട്രാഫിക് പോലീസുകാര്‍ വണ്ടിതടഞ്ഞ് നയേലിനെ വെടിവെച്ചുകൊന്നത്. നയേല്‍ തനിക്കുനേരെ കാറോടിച്ചുകയറ്റാന്‍ നോക്കിയതിനാലാണ് വെടിവെച്ചതെന്നാണ് പോലീസുകാരന്‍ പറഞ്ഞത്.
എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. സ്ഥിരീകരിച്ചു. നിര്‍ത്തിയ കാറിനടുത്ത് രണ്ടുപോലീസുകാര്‍ നില്‍ക്കുന്നതാണ് ദൃശ്യത്തില്‍. ഒരാള്‍ ഡ്രൈവര്‍ക്കുനേരെ തോക്കുചൂണ്ടിയിട്ടുണ്ട്. 'വെടിയുണ്ട നിന്റെ തലതുളയ്ക്കും' എന്നുപറയുന്നതും കേള്‍ക്കാം. കാര്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ തൊട്ടടുത്തുനിന്ന് പോലീസുകാരന്‍ വെടിയുതിര്‍ത്തു. ഏതാനും മീറ്റര്‍ നീങ്ങിയ കാര്‍ മുന്നിലെ തടസ്സത്തില്‍ ഇടിച്ചുനിന്നു. വൈകാതെ നയേല്‍ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ഓടിക്കളഞ്ഞു. കൗമാരക്കാരനായ മറ്റേയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.സംഭവത്തിനുപിന്നാലെ നാന്റെയിലും പരിസരങ്ങളും ജനങ്ങള്‍ പ്രതിഷേധിച്ചു. ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിച്ചു.
നയേലിനെ വധിച്ചകേസില്‍ അറസ്റ്റിലായ 38 വയസ്സുള്ള പോലീസുകാരനെ, കുറ്റംചെയ്തെന്നുതെളിഞ്ഞാല്‍ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണ് പോലീസുകാരന്റേതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. ഫ്രാന്‍സില്‍ കാറോടിക്കാനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്.
എന്റെ ഫ്രാന്‍സിനെയോര്‍ത്ത് ഞാന്‍ വേദനിക്കുന്നു. അംഗീകരിക്കാനാകാത്ത കാര്യമാണിത്. വളരെവേഗം നമ്മെ വിട്ടുപിരിഞ്ഞ നയേലെന്ന കുഞ്ഞുമാലാഖയുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് എന്റെ മനസ്സ് -കിലിയന്‍ എംബാപ്പെ, ഫ്രഞ്ച് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍

Latest News