കാലിക്കറ്റ് സര്‍വകലാശാലയുടെ പേരിലും   വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു 

കോഴിക്കോട്- കാലിക്കറ്റ് സര്‍വകലാശാലയുടെ പേരിലും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതായി രേഖകള്‍. സര്‍വകലാശാലയുടെ അന്തസ്സിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്നും, കര്‍ശന നടപടി സ്വീകരിക്കണമെന്നും നിരവധി തവണ നിര്‍ദേശിച്ചിട്ടും അധികൃതര്‍ പോലീസിനെ പോലും ഇക്കാര്യം അറിയിച്ചിട്ടില്ല. 2021ല്‍ അഞ്ചില്‍ കൂടുതല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതായി കണ്ടെത്തിയിട്ടും ഒന്നില്‍പോലും നടപടി സ്വീകരിച്ചിട്ടില്ല.
ഒരു റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് 5 ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജോലിക്കോ തുടര്‍പഠനത്തിനോ ആയി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകൃത ഏജന്‍സികള്‍ വഴി സര്‍വകലാശാലയുടെ സൂക്ഷ്മ പരിശോധനയ്‌ക്കെത്താറുണ്ട്. ഈ പരിശോധനയിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായി കണ്ടെത്തിയത്. 2021 ഏപ്രിലില്‍ ഒരു റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചു നിര്‍മിച്ച 5 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് സര്‍വകലാശാലയുടെ പരിശോധനയില്‍ കണ്ടെത്തിയത്. കര്‍ശന നടപടി വേണമെന്ന ശുപാര്‍ശയോടെ ജോയിന്റ് റജിസ്ട്രാര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല.

Latest News