ശ്രീനഗര്‍- സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച കശ്മീരികള്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടി മരിച്ചു. 120 ലേറെ പേര്‍ക്ക് പരിക്കേറ്റു.
സൈന്യം രണ്ട് ഭീകരരെ കൊലപ്പെടുത്തിയ സ്ഥലത്തേക്കാണ് നൂറു കണക്കിനു ഗ്രാമീണര്‍ മുദ്രാവാക്യം മുഴക്കി മാര്‍ച്ച് നടത്തിയത്. തെക്കന്‍ ഷോപ്പിയാന്‍ പ്രദേശത്തെ ഒരു വീട്ടില്‍ കുടുങ്ങിയ ഭീകരര്‍ക്ക് രക്ഷപ്പെടുന്നതിന് വഴിയൊരുക്കാന്‍ ജനക്കൂട്ടം സൈനികര്‍ക്കുനേരെ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭീകരര്‍ ഒളിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും ഭീകരവിരുദ്ധ പോലീസും പ്രദേശം വളഞ്ഞിരുന്നത്.
പ്രതിഷേധ മാര്‍ച്ച് നടത്തിയവര്‍ക്കുനേരെ സൈന്യം കണ്ണീര്‍ വാതകവും പെല്ലറ്റുകളും പ്രയോഗിച്ചിരുന്നു. പരിക്കേറ്റ 120 പേരില്‍ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലുപേരില്‍ ഒരു കൗമാരക്കാരനാണ് മരിച്ചത്. വെഹില്‍ ഗ്രാമത്തിലെ തംശീല്‍ അഹ്്മദ് ഖാന്‍ ആണ് മരിച്ചത്. ശ്രീനഗറില്‍നിന്ന് 65 കി.മീ തെക്കാണ് ഈ ഗ്രാമം.
സൈനിക നടപടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും ഒരു സൈനിക ഓഫീസര്‍ക്കും ഒരു പട്ടാളക്കാരനും പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികര്‍ രണ്ട് വീടുകള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന് ഗ്രാമീണര്‍ പരാതിപ്പെട്ടു.
ഏറ്റുമുട്ടലില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടം പരിശോധിക്കുകയായിരുന്ന ഗ്രാമീണര്‍ വീണ്ടും സൈനികര്‍ വരുന്നുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെടുന്നു.