മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജക്ക് യു.കെയില്‍ ഏഴ് കൊല്ലം തടവ്

ലണ്ടന്‍- മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് യു.കെയില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജയായ സറീന ദുഗ്ഗലിന് ഏഴ് വര്‍ഷത്തെ തടവ്. ഒരു വര്‍ഷമായി മെട്രോപൊളിറ്റന്‍ പോലീസ് നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സറീന ഉള്‍പ്പടെയുള്ള സംഘത്തെ പിടികൂടുന്നത്. ലണ്ടനിലും ബര്‍മിങ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. ബോണ്‍മൗത്തില്‍  വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവര്‍ത്തിച്ചതിനാണ് സറീന ദുഗ്ഗലിന് ഏഴ് വര്‍ഷത്തെ തടവ് വിധിച്ചത്.
ഏഴ് ആഴ്ചത്തെ വിചാരണയ്‌ക്കൊടുവില്‍ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോണ്‍മൗത്ത് ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന വിചാരണക്കൊടുവിലാണ് സറീനയും കുറ്റക്കാരിയാണെന്ന് ഇതേ കോടതി കണ്ടെത്തിയത്.
സറീന അടങ്ങുന്ന സംഘത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. കഴിഞ്ഞ ജൂലൈയില്‍ 16 വയസുള്ള  ആണ്‍കുട്ടിയെ ഫാര്‍ണ്‍ബറോയില്‍നിന്നും വലിയ അളവില്‍ നിരോധിത മയക്കുമരുന്നുകളുമായി പിടിച്ചിരുന്നു. ഇതോടെയാണ് സംഘത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് തുടങ്ങുന്നത്.

 

Latest News