Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ പനി ബാധിച്ച്  മൂന്നു വയസ്സുകാരി മരിച്ചു 

കണ്ണൂര്‍- പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കണ്ണൂര്‍ മാതമംഗലം ഏരിയം സ്‌കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീക്ക്-ജസീല ദമ്പതികളുടെ മകള്‍ ആസ്വാ ആമിന(3) ആണ് മരിച്ചത്. രണ്ടാഴ്ചയായി കുട്ടി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. പിന്നീട് പരിയാരം സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്. പനി ബാധിതരുടെ എണ്ണം ജില്ലയില്‍ ദിനംപ്രതി ഉയരുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,102 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയ രോഗികളുടെ മാത്രം കണക്കാണ്. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളിലും മറ്റു ക്ലിനിക്കുകളിലും ദിനംപ്രതി ആയിരത്തിലധികം പേരാണ് പനിബാധിച്ച് ചികിത്സ തേടുന്നത്. ദിവസം 2000ത്തോളം പേരാണ് ചികിത്സ തേടുന്നത്. വൈറല്‍ പനിക്ക് പുറമെ എലിപ്പനി, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് പനി ബാധിച്ച് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയും രണ്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. മലയോര മേഖലയിലാണ് പകര്‍ച്ച പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


 

Latest News