കൊല്ലം- ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക,സ്ത്രീധന പീഡനത്തിനും മന്ത്രവാദത്തിനും ഇരയായെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്താലി, മാതാവ് സീന എന്നിവര്‍ ഒളിവിലാണ്.
തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മന്ത്രവാദ പൂജകള്‍ക്കു നിര്‍ബന്ധിച്ചുവെന്നുമാണ് പരാതി. യുവതി ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി ബന്ധുക്കളുടെ സഹായത്തോടെ അഞ്ചാലുംമൂട് പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.






